- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലം മുതലേ മോഹം പൊലീസിൽ ചേരാൻ; ഫയർഫോഴ്സിലും സെയിൽ ടാക്സിലും ജോലി കിട്ടിയിട്ടും ഇരിപ്പുറച്ചില്ല; വിടാതെ എസ്‌ഐ പരീക്ഷ എഴുതി മൂന്നാം വട്ടം ജയിച്ചുകയറി; ഡ്യൂട്ടിക്കിടെ ഉള്ള താമരശേരി എസ്‌ഐ സനൂജിന്റെ മരണം താങ്ങാനാവാതെ ഉറ്റവർ
കോഴിക്കോട്: താമരശേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ്(38) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് വീട്ടുകാർക്കും നാട്ടുകാർക്കും വലിയ ഷോക്കായി. നന്നേ ചെറുപ്പത്തിലേ ഉള്ള മരണം ആർക്കും വിശ്വസിക്കാനാവുന്നില്ല. ഇന്നു രാവിലെ 7.15ന് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് കോവൂർ സ്വദേശിയാണ് വി എസ് സനൂജ്. പൊലീസിൽ ചേരണം എന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. എന്നാൽ ആദ്യം കിട്ടിയ ജോലി ഫയർഫോഴ്സിൽ ഫയർമാനായി ആയിരുന്നു. അവിടെ ഇരുപ്പുറയ്ക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകൾ വീണ്ടും എഴുതി. അതിനിടെ സെയിൽ ടാക്സിൽ ക്ലാർക്കായി ജോലി ലഭിച്ചു. തുടർന്നു എരിഞ്ഞാപ്പാലത്തെ സെയിൽ ടാക്സ് ഓഫീസിൽ ഒരുവർഷത്തിലധികം ജോലി ചെയ്തു. അതിനു ശേഷം ഒന്നരവർഷം മുമ്പാണ് നേരിട്ട് എസ്‌ഐയായി നിയമനം ലഭിക്കുന്നത്.
എസ്‌ഐയാകുക സനോജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അടുത്ത സുഹൃത്തൃക്കൾക്കും ബന്ധുക്കൾക്കുമെല്ലാം ഈ മോഹം അറിയാമായിരുന്നു. മറ്റു ജോലികൾ ലഭിച്ചെങ്കിലും എസ്‌ഐ ആവാനായിരുന്നു കഠിനാദ്ധ്വാനം. രണ്ടുതവണ എസ്‌ഐ ടെസ്റ്റ് എഴുതി ലിസ്റ്റിൽ വന്നെങ്കിലും പലകാരണങ്ങളാൽ ലിസ്റ്റ് തള്ളിപ്പോയപ്പോൾ സനൂജും പുറത്തായി. പിന്നീട് മൂന്നാം അങ്കത്തിലാണ് വിജയിച്ചു കയറി സീറ്റിലിരുന്നത്. പക്ഷേ, ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയിൽ ഇരുപ്പുറയ്ക്കും മുമ്പെയായി മടക്കം. സഹപ്രവർത്തകരും ചങ്ങാതിമാരും, ബന്ധുക്കളും ഇതോർത്താണ് കണ്ണീരണിയുന്നത്.
സനൂജിന്റെ അമ്മ വിലാസിനിയുടെ വീട് കുരുവട്ടൂരാണ്. അമ്മാവന്മാരായ വേണുഗോപാൽ, പ്രമോദ്, മധുസൂദനൻ എന്നിവരെല്ലം സനൂജിനു പ്രോത്സാഹനവുമായി ചെറുപ്പം മുതലെ കൂടെയുണ്ടായിരുന്നു. ഒന്നാംക്ലാസുകാരനായ മകൻ നിവേദിനെയും ഭാര്യ നിമിഷയേയും തനിച്ചാക്കിയുള്ള സനോജിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു.
ഹൃദയാഘാതവുമായി ബന്ധപ്പെട്ട സൂചനകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ താമരരേി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. മെഡിക്കൽ കോളജ് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം രാത്രി 10ന്.
മെഡിക്കൽ കോളജ്, പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും ഫയർഫോഴ്‌സ് സെയിൽ ടാക്‌സ് വകുപ്പിലും സേവനമനുഷ്ഠിച്ചിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്