- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അണ്ണാ' എന്ന വിളിക്കായി... അനീഷിന്റെ വിയോഗത്തെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്
കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകന് അനീഷ് ചന്ദ്രൻ(34) കഴക്കൂട്ടത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചാനലിലെ ക്രൈംപരിപാടിയായി എഫ്‌ഐആറിന്റെ അവതാരകൻ കൂടിയായ അനീഷിന്റെ വിയോഗം തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഒരു ഷോക്കായി മാറിയിരുന്നു. അകാലത്തിൽ വിട്ടുപിരിഞ്ഞ അനീഷിനെ കുറിച്ച് തലസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ എഴുതുന്നു.. എടാ അനീഷേ....നീ പോയെന്ന് എല്ലാവരും പറയുന്നു.എനിക്കു വിശ്വാസമായിട്ടില്ല.ഞാൻ വിശ്വസിക്കില്ല.നിന്റെ മൊബൈൽ ഫോണിലേക്കു വിളിച്ചപ്പോൾ എടുത്ത പൊലീസുകാരൻ പറഞ്ഞ അറിവാണ് എല്ലാവർക്കും.പഴയൊരു കഥ പോലെ, നിന്റെ ഫോൺ മോഷണം പോയതാണെങ്കിലോ?നിന്റെ ഫോൺ മോഷ്ടിച്ച കള്ളനാണ് അപകടത്തിൽപ്പെട്ടതെങ്കിലോ?അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.ഞാൻ പി.ജി.സുരേഷിനോടു ചോദിച്ചു.അജയഘോഷിനോടു ചോദിച്ചു.മാർഷലിനോടു ചോദിച്ചു.രാജീവ് ദേവരാജിനോടു ചോദിച്ചു.എല്ലാവരും പറഞ്ഞു നീ പോയെന്ന്.ഇല്ലെടാ ഞാൻ വിശ്വസിക്കില്ല.മാതൃഭൂമിയിൽ ട്രെയ്‌നി ആയി നീ വന്നത് ഇന്നും ഞാനോർക്ക

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകന് അനീഷ് ചന്ദ്രൻ(34) കഴക്കൂട്ടത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചാനലിലെ ക്രൈംപരിപാടിയായി എഫ്‌ഐആറിന്റെ അവതാരകൻ കൂടിയായ അനീഷിന്റെ വിയോഗം തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഒരു ഷോക്കായി മാറിയിരുന്നു. അകാലത്തിൽ വിട്ടുപിരിഞ്ഞ അനീഷിനെ കുറിച്ച് തലസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ എഴുതുന്നു..
എടാ അനീഷേ....
നീ പോയെന്ന് എല്ലാവരും പറയുന്നു.
എനിക്കു വിശ്വാസമായിട്ടില്ല.
ഞാൻ വിശ്വസിക്കില്ല.
നിന്റെ മൊബൈൽ ഫോണിലേക്കു വിളിച്ചപ്പോൾ എടുത്ത പൊലീസുകാരൻ പറഞ്ഞ അറിവാണ് എല്ലാവർക്കും.
പഴയൊരു കഥ പോലെ, നിന്റെ ഫോൺ മോഷണം പോയതാണെങ്കിലോ?
നിന്റെ ഫോൺ മോഷ്ടിച്ച കള്ളനാണ് അപകടത്തിൽപ്പെട്ടതെങ്കിലോ?
അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഞാൻ പി.ജി.സുരേഷിനോടു ചോദിച്ചു.
അജയഘോഷിനോടു ചോദിച്ചു.
മാർഷലിനോടു ചോദിച്ചു.
രാജീവ് ദേവരാജിനോടു ചോദിച്ചു.
എല്ലാവരും പറഞ്ഞു നീ പോയെന്ന്.
ഇല്ലെടാ ഞാൻ വിശ്വസിക്കില്ല.
മാതൃഭൂമിയിൽ ട്രെയ്‌നി ആയി നീ വന്നത് ഇന്നും ഞാനോർക്കുന്നു.
ട്രെയ്‌നിയെ അടിമയെന്നാണ് ഞങ്ങൾ വിളിക്കുക.
എന്റെ ഇരട്ടി വലിപ്പമുള്ള അടിമ.
നിന്റെ വലിയ ശരീരത്തിനുള്ളിലെ കുഞ്ഞു മനസ്സ് ഞാൻ കണ്ടു.
എന്റെ അനിയന്റെ പേരും അനീഷ് ആണെന്നു പറഞ്ഞപ്പോൾ നീ സന്തോഷത്തോടെ ചിരിച്ചു.
'ഞാനും അണ്ണന്റെ അനിയനല്ലേ അണ്ണാ' എന്നു നീ ചോദിച്ചു.
ആ ചിരിയിൽ നിന്റെ നിർമ്മലമായ മനസ്സു കണ്ടു.
ആ മനസ്സു നിറയെ സ്‌നേഹം കണ്ടു.
'അണ്ണാ' എന്ന വിളിയിൽ എല്ലാമുണ്ടായിരുന്നു.
നെറികേടുകളോട് നിനക്ക് എതിർപ്പായിരുന്നു.
പ്രതിഷേധത്തിന് നിന്റേതായ വഴികളുണ്ടായിരുന്നു.
മാതൃഭൂമിയിൽ നിന്ന് ഒരേസമയം നമ്മൾ ഇറങ്ങിപ്പോന്നത് ഞാനോർക്കുന്നു.
ഒരേ കാരണത്താലാണ് നമ്മൾ ഇരുവരും പടിയിറങ്ങിയത്.
അന്ന് നിന്നോടുള്ള സ്‌നേഹം ബഹുമാനമായി.
നട്ടെല്ലുള്ളവനോടുള്ള ബഹുമാനം.
ഏഷ്യാനെറ്റിലേക്ക് നീ തിരിച്ചുപോയി, ഞാൻ ഇന്ത്യാവിഷനിലെത്തി.
ഓഫീസ് അയലത്തായതോടെ നമ്മൾ സ്ഥിരമായി കണ്ടു, ചായ പങ്കിട്ടു.
എപ്പൊഴോ നമ്മുടെ വീടുകളും അടുത്തടുത്തായി.
ഇടയ്ക്ക് വലിയ ഹോണടിച്ച് നിന്റെ ബൊലേറോ എന്റെ കാറിനെ ഓവർടേക്ക് ചെയ്തു.
ഇടയ്ക്ക് ബുള്ളറ്റ് കാറിനു കുറുകെ നിർത്തി സലാം വച്ചു.
അങ്ങനെ എന്റെ വീട്ടുകാർക്കും നിന്നെ പരിചയമായി.
രാത്രി ഏഷ്യാനെറ്റ് ന്യൂസിൽ എഫ്.ഐ.ആർ. കാണുമ്പോൾ അവർ നിന്നെ സ്വമേധയാ തിരിച്ചറിഞ്ഞു.
പ്രസ് ക്ലബ്ബിലെ അഴിമതിക്കെതിരെ പൊരുതാൻ നീ ഒപ്പമുണ്ടായിരുന്നു.
യോഹന്നാൻ ബിഷപ്പിനെതിരെ പോർമുഖം തുറന്നതും നമ്മൾ ഒരുമിച്ച്.
ഇനിയുമേറെ കാര്യങ്ങൾ ചെയ്യാമെന്ന് നമ്മൾ തീരുമാനിച്ചിരുന്നു.
അങ്ങനെയുള്ള നീ പോയെന്ന് ഞാനെങ്ങനെ വിശ്വസിക്കും?
ഞാൻ വിശ്വസിക്കില്ല.
'അണ്ണാ' എന്ന വിളിയുമായി നീ വരും.
പിന്നിലൂടെ എന്റെ അരയിൽ കൈയിട്ട് പതിവുപോലെ ചേർത്തുപിടിക്കും.
തലയുയർത്തി ആകാശത്തേക്കു നോക്കുംപോലെ ഞാൻ നിന്റെ മുഖത്തു നോക്കും.
അവിടെ നിറപുഞ്ചിരി ഞാൻ കാണും.
ഞാൻ കാത്തിരിക്കുന്നു, 'അണ്ണാ' എന്ന വിളിക്കായി.
നീ വരും എന്നെനിക്കുറപ്പുണ്ട്.
വരാതെവിടെ പോകാൻ?

