തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചരണം നയിക്കുക ആരായിരിക്കുമെന്ന ആശങ്കകൾക്ക് ഒടുവിൽ അവസാനമായി. വി എസ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി വിജയകുമാർ പറഞ്ഞു. ഇന്ന് രാവിലെ വിഎസുമായി നടത്തി കൂടിക്കാഴ്‌ച്ചക്കൊടുവിലാണ് വിജയകുമാർ വി എസ് പ്രചരണത്തിന് എത്തുമെന്ന് വ്യക്തമാക്കിയത്.

ഇന്നുരാവിലെ എട്ടരയോടെ കന്റോൺമെന്റ് ഹൗസിലെത്തിയാണ് വിജയകുമാർ വി.എസിനെ കണ്ടത്. കൂടിക്കാവ്ച്ചക്ക് ശേഷം അരുവിക്കരയിൽ പ്രചാരണം നയിക്കുന്നത് വി.എസായിരിക്കുമെന്ന് വിജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം വി.എസായിരിക്കും നിർവഹിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വി.എസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. അതേത്തുടർന്നാണ് വിജയകുമാർ വി.എസിനെ കണ്ടത്. അതേസമയം, വി.എസിന്റെ പ്രചാരണ പരിപാടികൾക്ക് അന്തിമരൂപം നൽകിയതായി സൂചനയുണ്ട്. എട്ടിനാകും വി.എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നടക്കുക. എട്ടുപഞ്ചായത്തുകളിലും വി എസ് പ്രചാരണം നടത്തുമെന്നുമാണ് അറിയുന്നത്. ഇതേക്കുറിച്ചു കൂടുതൽ വിവാദങ്ങൾ വേണ്ടെന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിണറായി വിജയനെയാണ് മണ്ഡലത്തിലെ മുഖ്യചുമതലക്കാരനായി പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.