തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിൽ പുതിയ വേഗദൂരങ്ങൾ കണ്ടെത്താൻ കളിക്കളങ്ങളിൽ മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ വിജയാശംസകൾ നേർന്നു. വിവിധ ഇനങ്ങളിൽ ഓരോ കാലഘട്ടത്തിലും കേരളം രാജ്യത്തിന് സംഭാവന ചെയ്ത പി ടി ഉഷയെയും, സുരേഷ് ബാബുവിനെയും ഷൈനി വിൽസണെയും, അഞ്ജു ബോബി ജോർജിനെയും, സെബാസ്റ്റ്യൻ സേവ്യറിനെയും പോലുള്ള പുത്തൻ താരങ്ങളെ സമ്മാനിക്കാൻ 35ാമത് ദേശീയ ഗെയിംസിന് കഴിയട്ടെയെന്നും വി എസ് ആശംസിച്ചു.

കായിക വിനോദങ്ങൾ സമ്മാനിക്കുന്ന ആഹ്ലാദത്തിന്റെയും ആത്മ സാന്ത്വനത്തിന്റെയും വഴികളിലേക്ക് മലയാളികളെ വീണ്ടും കൂട്ടിക്കൊണ്ടുവരാനും അതുവഴി കായിക കേരളത്തിന്റെ നവനിർമ്മിതിക്ക് ഊർജം പകരാനും ഉതകുന്ന തരത്തിൽ നമ്മുടെ കായികതാരങ്ങൾ റെക്കോർഡുകളുടെ പൂക്കാലം വിരിയിക്കട്ടെ എന്നും വി എസ് ആശംസിച്ചു.