- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വിദ്യാഭ്യാസ രീതി അല്ലെ, കുറവുകൾ ഉണ്ടാകാം; പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം വേണം; നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി; 49,000 കുട്ടികൾക്ക് ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നും മന്ത്രി; വിഷയം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് നടത്തിവരുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രരംഭഘട്ടത്തിലെ പരിമിതികൾ ഉണ്ടായേക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അത്തരം കുറവുകൾ ഉടൻ പരിഹരിക്കുമെന്നും അതിന് എം എൽ എമാരുടെ സഹായം വേണമെന്നും അഭ്യർത്ഥിച്ചു.നിയമസഭയിൽ ഓൺലൈൻ പഠനരീതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എംഎൽഎ റോജി എം ജോണാണ് വിഷയം സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്.കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ ഇത്തവണ എത്രത്തോളം സർക്കാർ പാഠം പഠിച്ചുവെന്ന് ചോദിച്ച റോജി എം ജോൺ ഈ വർഷം എത്ര വിദ്യാർത്ഥികൾക്ക് സൗകര്യം ഇല്ലെന്ന കണക്ക് സർക്കാർ എടുത്തോയെന്നും ചോദിച്ചു. എം എൽ എമാരെ വിളിച്ച് കുട്ടികൾ ഫോൺ ആവശ്യപ്പെടുകയാണെന്നും റോജി എം ജോൺ ചൂണ്ടിക്കാട്ടി. എത്ര കുട്ടികൾക്ക് ഇങ്ങനെ വിളിക്കാൻ ആകുമെന്നായിരുന്നു റോജിയുടെ ചോദ്യം.
പരമാവധി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നോട്ടീസിന് മറുപടിയായി പറഞ്ഞു. ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസാണ് നടത്തുന്നതെന്നും കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെ ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കാൻ ട്രയൽ ഗുണം ചെയ്തുവെന്നാണ് മന്ത്രിയുടെ അവകാശവാദം.2.6 ലക്ഷം കുട്ടികൾക്കു കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നുവെന്നും സൗകര്യം ഇല്ലാത്തവർക്ക് പിന്നീട് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 49,000 കുട്ടികൾക്ക് ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നാണ് പ്രാഥമിക പഠനമെന്നും സഭയെ അറിയിച്ചു. അവർക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏർപ്പാടാക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
ഒരു വർഷത്തെ ഓൺലൈൻ ക്ലാസിന്റെ ആഘാതം സർക്കാർ പടിക്കേണ്ടിയിരുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞത്. ഏഴ് ലക്ഷം കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഇല്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കെന്നും സതീശൻ ചൂണ്ടിക്കാട്ടി. മന്ത്രി പറഞ്ഞ കണക്ക് തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പല വീടുകളിലും ഒരു മൊബൈൽ മാത്രമാണ് ഉള്ളതെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു.നിരവധി സ്കൂളുകളിൽ അദ്ധ്യാപകർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്കൂൾ തുറക്കാത്തതിനാൽ അദ്ധ്യാപക നിയമനം നടത്താത്തത് ശരിയല്ലെന്ന നിലപാടെടുത്തു. സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യം സർക്കാർ മേഖലയിൽ ഇല്ലെന്നും ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ തുല്യത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റോജി എം ജോൺ ആണ് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല.
മറുനാടന് മലയാളി ബ്യൂറോ