തിരുവനന്തപുരം: അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായെത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിലാണ് മന്ത്രി എത്തിയത്. ആർ ആർ ടി വളണ്ടിയേഴ്സിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

കോവിഡ്- 19 മഹാമാരിയുടെ മുൻനിര പോരാളികളായി നേമം മണ്ഡലത്തിലെ കൺട്രോൾ റൂമിൽ പ്രവർത്തിച്ച ആർആർടി വോളണ്ടിയേഴ്സ് ആണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും അഗതി മന്ദിരത്തിൽ ഉണ്ട്. അവരോടൊപ്പം മന്ത്രി ഏറെ സമയം ചിലവഴിച്ചു. ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.