കാസർകോട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ബോയ്സ്, ഗേൾസ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ബോയ്സ്, ഗേൾസ് സ്‌കൂളുകൾ മാറ്റി മിക്സഡ് സ്‌കൂളുകൾ സ്ഥാപിക്കാൻ അതാത് സ്‌കൂളുകളിലെ പിടിഎ തീരുമാനമെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ജെൻഡൻ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ജെൻഡൻ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകൾക്ക് തെറ്റിദ്ധാരണ ഉണ്ട്. അങ്ങിനെ ഒരു നീക്കം സർക്കാരിനില്ലെന്നും ഇത് നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് പിടിഎ ആണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂൾ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.