തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ സ്‌കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രോഗവ്യാപനം കൂടിയാൽ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഖാദർ കമ്മറ്റി റിപ്പോർട്ട് ഘട്ടംഘട്ടമായി നടപ്പാക്കും. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസഡയറക്ടർ എന്നുള്ള പോസ്റ്റ്മാറി ഡയറക്ടർ ഓഫ് ജനറൽ ഏജ്യുക്കേഷൻ എന്നായത്. സ്‌കൂളുകളിൽ ഹെഡ് ഓഫ് ദ ഡിപ്പാർട്ട് മെന്റ് പ്രിൻസിപ്പാലാകും. മുഴുവൻ അദ്ധ്യാപകസംഘടനകളുടെയും മാനേജമെന്റിന്റെയും അനധ്യാപകസംഘടനകളുടെയും യോഗം ചേർന്നിരുന്നതായും മന്ത്രി പറഞ്ഞു. അദ്ധ്യാപകസംഘടനകൾക്ക് അവരുടെ ആവശ്യങ്ങളും പ്രയായസങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. അല്ലാതെ രാഷ്ട്രീയ മുദ്രാവാക്യം നടത്തി വിദ്യാഭ്യാസരംഗം താറുമാറാക്കാൻ ശ്രമിച്ചാൽ സർക്കാർ അതിനെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 4801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗികളുടെ കണക്ക്.