തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോ എന്ന് മന്ത്രി ചോദിച്ചു.

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായിരുന്നു ഗുരുവിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് ഗുരുവിനെ കൂടി കേരളത്തിന്റെ ഫ്‌ളോട്ടിൽ ഉൾപ്പെടുത്തിയത്. ബിജെപിക്ക് വേണ്ടെങ്കിലും നവോത്ഥാന കേരളം ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു.

ജൂറിയിലെ അംഗങ്ങൾ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് കേരളത്തെ ഒഴിവാക്കിയത് എന്ന് പരസ്യമായി പറയാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.