- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ ആക്രോശിക്കും; ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചു; വിനു വി ജോണിനെ പേരെടുത്ത് പറയാതെ മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിക്കാൻ വീണ്ടും സിപിഎം തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ സൂചന എന്നോണം, ന്യൂസ് അവർ ചർച്ചയിൽ നിന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പിന്മാറിയത് ബഹിഷ്കരണത്തിന്റെ തുടക്കമാണെന്നാണ് സൂചന. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കടന്നാക്രമണമാണ് ബഹിഷ്കരണത്തിന് കാരണം. നിയമസഭയിലെ തെമ്മാടികൾ' എന്നപേരിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ എൽഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചർച്ച ചെയ്തത്. ഇതിന് പിന്നാലെ, ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത് പറയാതെ ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ചർച്ചയ്ക്കിടെ വിനു വി ജോണിന് ഭീഷണി ഫോൺ സന്ദേശം അയച്ച കെ ശ്രീകണ്ഠനെതിരെ വിനു കേസ് കൊടുത്തതും വി.ശിവൻകുട്ടി പരമാർശിച്ചു.
ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ജനപ്രതിനിധികൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
മന്ത്രി പറഞ്ഞത്: 'ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാൽ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ട.''
''ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ സിഐടിയു 18 മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാഴാഴ്ച രാത്രിയിൽ നടന്ന ന്യൂസ് അവറിൽ വിനു വി ജോണിന് ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠൻ ഭീഷണി സന്ദേശം അയച്ചത് വൻ വിവാദമായിരുന്നു. പരിപാടിക്കിടെയായിരുന്നു വിനുവിന് ഭീഷണി സന്ദേശം എത്തിയത്.തുടർന്ന് ചർച്ചയ്ക്കിടയിൽ തന്നെ വിനു അത് ഉറക്കെ വായിക്കുകയും ചെയ്തു. 'ഇയാൾക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാൻ താങ്കൾക്ക് എന്ത് അധികാരം. ഇത് മാന്യമായ രീതിയല്ല. ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' ഇതായിരുന്നു ശ്രീകണ്ഠൻ അയച്ച ഭീഷണി സന്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് അവറിലെ നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചർച്ച വിനു.വി.ജോണിന്റെ മാധ്യമ ഷോ ആയിരുന്നുവെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആരോപിച്ചിരുന്നു. തികച്ചും ഏകപക്ഷീയമായ പാനലായിരുന്നു എന്ന് എ.എ.റഹിം ആരോപിച്ചു. 'ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണ്' -റഹീം പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ