- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുശേരി മോഡൽ ഏകീകൃത യുനിഫോം സ്വാഗതാർഹം; ഏതു വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ട്; ആൺ - പെൺ വ്യത്യാസമില്ലാതെ ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റെതെന്ന് മന്ത്രി ശിവൻകുട്ടി
കണ്ണൂർ: ബാലുശേരി മോഡൽ ഏകീകൃത യുനിഫോം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇതിനെ കുറിച്ചു കൂടുതൽ മനസിലാക്കാൻ താൻ ബാലുശേരി സന്ദർശിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി .കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ 'മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അവിടുത്തെ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുത്ത പി.ടി.എയാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന പുരോഗമനപരമായ കാഴ്ച്ചപ്പാടാണ് ഈക്കാര്യത്തിൽ സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ആൺ - പെൺ വ്യത്യാസമില്ലാതെ ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റെത്.
ബാലുശ്ശേരി മോഡൽ സ്വാഗതാർഹമാണെന്ന നിലപാട് നേരത്തെ സ്വീകരിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏത് വസ്ത്രം ധരിക്കുകയെന്നത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും മാന്യവും സംസ്കാരത്തിന് യോജിച്ചതുമായ വസ്ത്രം ആവണമെന്നേയുള്ളുവെന്നും മന്ത്രി പറഞ്ഞു. പുതിയ കാര്യങ്ങളോട് എതിർപ്പുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതൊക്കെ സർക്കാർ ചർച്ച ചെയ്ത് പരിഹരിക്കും പല രീതിയിലുള്ള അസമത്വം നിലനിൽക്കുന്ന സമൂഹമാണിത്.
ശീലങ്ങൾ മാറ്റുമ്പോൾ ചെറിയ തോതിലുള്ള എതിർപ്പുകൾ സ്വാഭാവികമാണെന്നും സമൂഹത്തിന്റെ പിന്തുണയോടെഅസമത്വം ചുരുക്കാനും കഴിയുന്നത്ര ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊ വിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച അദ്ധ്യാപകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർ ഓരോ ആഴ്ച്ചയും കൊ വിഡ് പരിശോധന സർട്ടിഫിക്കറ്റ് സ്ഥാപന മേലധികാരിക്ക് നൽകിയാലും മതി.ഈക്കാര്യത്തിൽ രക്ഷിതാക്കൾ ഉയർത്തുന്ന ആശങ്കകൾ സർക്കാരിന് പരിഗണിക്കേണ്ടതുണ്ട്. കുട്ടികളുടെ ജീവൻ വെച്ചു പന്താടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ആരോടും വൈരാഗ്യബുദ്ധിയോടെ സർക്കാർ പ്രവർത്തിക്കില്ല. പലരും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാക്സിൻ സ്വീകരിക്കാത്തത് എന്നാൽ ഇത്തരക്കാർ പറയുന്ന കാര്യങ്ങൾ സർക്കാർ മനസിലാക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴില്ല.
പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ മലബാറിൽ 79 അധിക ബാച്ചുകൾ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു ഇവിടങ്ങളിലേക്ക് താൽക്കാലിക അദ്ധ്യാപകരെ ഇന്റർവ്യു നടത്തി തെരഞ്ഞെടുക്കാൻ അതത് പ്രാദേശിക ഭരണ സംവിധാനത്തിനും സ്കൂൾ അധികൃതർക്കും അനുവാദം നൽകിയിട്ടുണ്ട്.ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മുഖാമുഖം പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് വൈസ് പ്രസിഡന്റ് സബിന പത്മൻ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ