തിരുവനന്തപുരം: വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനം ആയിരിക്കുമെന്ന് തൃത്താല മുൻ എംഎൽഎ വിടി ബൽറാം. അൽപ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കിൽ ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബൽറാം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജിയിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിടി ബൽറാമിന്റെ പ്രതികരണം.

'നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ.ഇത്തരമൊരു ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.' വിടി ബൽറാം പറഞ്ഞു.

അതേസമയം കേസിൽ വിചാരണക്കോടതിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കുമെന്നാണ് വി ശിവൻകുട്ടി വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹരജി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.