തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ 21ാം തീയതി മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എല്ലാവരും നിർബന്ധപൂർവം സ്‌കൂളിൽ എത്തണമെന്ന തിട്ടൂരമൊന്നും സർക്കാർ ഇറക്കിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് സ്‌കൂളുകൾ തുറന്നപ്പോൾ നല്ല നിലയിലുള്ള പങ്കാളിത്തമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും. ചില അദ്ധ്യാപകസംഘടനകളുടെ അനാവശ്യമായ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച എല്ലാ കുട്ടികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ആദ്യദിവസങ്ങളിൽ കുട്ടികളുടെ കുറവുണ്ടായാലും രണ്ട് മൂന്ന് ദിവസത്തിനകം എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്നുമതുൽ 1- 9 ക്ലാസുകൾ ആരംഭിച്ചു. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ. പ്രീ ്രൈപമറി, അങ്കണവാടി ക്ലാസുകളും ഇന്നുമുതൽ തുടങ്ങി. 1മുതൽ 9വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ് ഉച്ചയ്ക്ക് ശേഷം നടത്തും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.