തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ സ്‌കൂളുകൾ ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് എസ്സിഇആർടി,എസ്എസ്‌കെ തുടങ്ങിയ എല്ലാ ഏജൻസികളുടെയും അദ്ധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകൾ നടത്തുകയും ചെയ്യും. ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന വർഷത്തിൽ ഉണ്ടാകും.സ്‌കൂൾ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകൾ സംയുക്തമായി നടത്തും.

ജൂൺ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂൾ തുറക്കുന്നത്.സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിൽ ഉണ്ടാവും.

പിടിഎ കൾ പുനഃസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും.അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും.മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽപുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്.

1 മുതൽ 7 വരെയുള്ള അദ്ധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്താനുള്ള രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.ബാക്കിയുള്ള അദ്ധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാമെന്നാണ് കരുതുന്നത്.

എസ്സിഇആർടി, എസ്എസ്‌കെ, കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയുംസഹകരണത്തോടെ അദ്ധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ്ശക്തിപ്പെടുത്തും.അഴിമതി വെച്ചു പൊറുപ്പിക്കില്ല.സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.