- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി.ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെന്ന് ട്രോളുകളും കമന്റുകളും; വസ്തുത അതല്ലെന്ന് ശ്രീജിത്ത് പണിക്കർ; ട്രോളുകൾ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ലെന്നും രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്നും ശിവൻകുട്ടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക അനൗദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെ ഏറ്റവുമധികം ട്രോളുകൾ നേരിടേണ്ടി വന്നത് നേമത്ത് നിന്ന ജയിച്ച് കയറിയ വി.ശിവൻകുട്ടിയാണ്. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയിപ്പ്. ഇതോടെ ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ വരികയുണ്ടായി. 2015 ൽ നിയമസഭയിൽ നടന്ന കൈയാങ്കളിയിലെ ചിത്രങ്ങളായിരുന്നു വ്യാപകമായി പ്രചരിച്ചത്.
ട്രോളുകൾ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ലെന്നും രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. നേമത്തെ വിജയം ട്രോളുകൾ കൂടാനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശിവൻ കുട്ടിയെ ട്രോളാമെങ്കിലും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശിവൻകുട്ടി കേരള സർവകലാശാലയിൽ നിന്നും ബിരുദവും, അക്കാദമി ലോ കോളേജിൽ നിന്ന് എൽ എൽ ബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് മത്സര സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണരൂപം:
വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.ട്രോളുകൾ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്
പഞ്ചായത്ത് പ്രസിഡന്റ്, മേയർ എന്നീ നിലകളിൽ അനുഭവസമ്പന്നനാണ് വി.ശിവൻകുട്ടി. ഈ സ്ഥാനങ്ങളും ആദ്യമായായിരുന്നു വഹിച്ചത്. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായ അഞ്ച് വർഷം പൊതുവിദ്യാഭ്യാസ പ്രശ്നങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെ രാഷ്ട്രീയത്തിൽ സജീവമായി വന്ന വ്യക്തിയാണ്. തന്റെ മുൻഗാമി സി രവീന്ദ്രനാഥ് തുടങ്ങി വെച്ച പദ്ധതികൾ അതിനേക്കാൾ ശക്തമായിത്തന്നെ കൂട്ടായ ആലോചനയിലൂടെ നടത്തിക്കൊണ്ടു പോവുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
2015 മാർച്ച് 13 ന് യുഡിഎഫ് ഭരണ സമയത്ത് അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കൈയാങ്കളി നടന്നത്.
മറുനാടന് മലയാളി ബ്യൂറോ