തിരുവനന്തപുരം: തങ്ങൾ പ്രതിപക്ഷ ധർമ്മം നിർവഹിക്കുമ്പോൾ ചൊറിയാൻ വരരുതെന്നും പഴയകാലത്തെ ഭരണത്തിന്റെ തെറ്റുകൾ തിരുത്തേണ്ടതും അതിന്റെ ഉത്തരവാദികളെ ശിക്ഷിക്കേണ്ടതും ഇപ്പോൾ ഭരിക്കുന്നവരുടെ ചുമതലയാണെന്നും വി ടി ബലറാം എംഎൽഎ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ. മുൻകാലങ്ങളിൽ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് തെറ്റുകൾ ഉണ്ടായെങ്കിൽ അത് തിരുത്തിക്കേണ്ടത് അന്നത്തെ പ്രതിപക്ഷത്തിന്റെ കടമയായിരുന്നെന്നും അവരത് നിറവേറ്റിയോ ഇല്ലയോ എന്നത് ഇപ്പോഴത്തെ പ്രതിപക്ഷമായ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും ബലറാം പോസ്റ്റിൽ പറയുന്നു. 

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് കോടികൾ മുടക്കി ഇന്നലെ ഇംഗ്‌ളീഷ് ദിനപത്രങ്ങളിൽ ഉൾപ്പെടെ നൽകിയ ഫുൾപേജ് പരസ്യങ്ങളെ വിമർശിച്ച് നൽകിയ പോസ്റ്റിന് തുടർച്ചയായാണ് പുതിയ പോസ്റ്റ്. ഇക്കാര്യമുന്നയിച്ച് പുതിയ നിയമസഭയുടെ ആദ്യദിനംതന്നെ തങ്ങൾ പ്രതിപക്ഷ ധർമ്മം തുടങ്ങുമെന്നും ബലറാം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷം ഭരണപക്ഷത്തെ ചോദ്യംചെയ്യുമ്പോൾ 'പണ്ട് നിങ്ങൾ ഭരിച്ചപ്പോൾ അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ചുചോദിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നും ബലറാം മുന്നറിയിപ്പു നൽകുന്നു. അടുത്ത അഞ്ചുവർഷവും ക്രിയാത്മക പ്രതിപക്ഷമായിരിക്കുക എന്ന ജനങ്ങളേൽപ്പിച്ച ദൗത്യം നിറവേറ്റുമെന്നും ഭരണത്തിന്റെ തെറ്റുകൾ തിരുത്താൻ നിരന്തരം ഇടപെടുമെന്നും ബലറാം വ്യക്തമാക്കുന്നുണ്ട്.

ബലറാമിന്റെ പോസ്റ്റ് ചുവടെ: 

സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ പിണറായി സർക്കാരിനുവേണ്ടി ഇംഗ്ലീഷ് പത്രങ്ങൾക്കുൾപ്പെടെ ഡൽഹിയിലും മറ്റും നൽകിയ വൻ പരസ്യങ്ങൾ സർക്കാരിന് ആദ്യ തലവേദനയാകുമെന്നു പറഞ്ഞായിരുന്നു വി ടി ബലറാമിന്റെ കഴിഞ്ഞദിവസത്തെ ഫേസ്‌ബുക്ക് പോസ്റ്റ്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെയും അതുമായി ബന്ധപ്പെട്ടു നടത്തിയ വൻ പരസ്യങ്ങളുടേയും വിഷയം ഉന്നയിച്ച് പ്രതിപക്ഷം ആഞ്ഞടിക്കുമെന്നു പറഞ്ഞായിരുന്നു. ഇത്. ഇതിന്റെ തുടർച്ചയായാണ് പുതിയ പോസ്റ്റ് ബലറാം നൽകിയിട്ടുള്ളത്.
അതേസമയം, ദേശീയാടിസ്ഥാനത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് നൽകിയ പരസ്യങ്ങൾക്ക് പത്തുകോടിയോളം ചെലവായെന്നും ഇത് സിപിഐ(എം) തിരിച്ചടയ്ക്കുമോ എന്നും ചോദിച്ചുള്ള പോസ്റ്റുകളും ഫേസ്‌ബുക്കിൽ നിറയുകയാണ്.
1994ൽ കരുണാകരൻ രാജിവച്ചപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എകെആന്റണി ചാർട്ടേഡ് വിമാനത്തിൽ വന്നതിന്റെ കൂലി സംസ്ഥാനഖജനാവിൽ നിന്ന് നൽകിയത് വിവാദമായതും ചിലർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയാകുന്നതിനു മുന്നേ എങ്ങനെ ആന്റണിയുടെ വിമാനച്ചെലവ് സർക്കാർ വഹിക്കുമെന്നായിരുന്നു അന്നുയർന്ന ചോദ്യം. ഒടുവിൽ ചെലവിട്ട തുക കെപിസിസി ഫണ്ടിൽ നിന്ന് നൽകി. അതുപോലെ ഇവിടെ പിണറായി മുഖ്യമന്ത്രിയാകും മുൻപ് നൽകിയ പരസ്യമായതിനാൽ അതിന്റെ തുക സിപിഐ(എം) അടയ്ക്കണമന്നെ വാദങ്ങളും ഉയരുകയാണ്.