തിരുവനന്തപുരം: സംഘപരിവാറിനെ തുടർച്ചയായി വിമർശിക്കുന്ന കേരളവർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളിക്ക് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി വി ടി ബൽറാം എംഎൽഎ. ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കിൽ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണെന്ന് ബൽറാം പറയുന്നു.

ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെൽ നേതാവ് ബിജു നായർക്കും കമന്റിട്ട രമേഷ് കുമാർ നായർക്കുമെതിരെ ഐപിസി വകുപ്പുകൾ വച്ച് ക്രിമിനൽ കേസെടുക്കാൻ പിണറായി വിജയൻ- ലോകനാഥ് ബെഹ്‌റ പൊലീസ് തയ്യാറാകണം. മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആർഎസ്എസുകാരനെതിരെ മാധ്യമ പ്രവർത്തക ഷാഹിന പൊലീസിൽ നൽകിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.- ബൽറാം ചൂണ്ടിക്കാട്ടി.

രമേശ് കുമാർ നായർ എന്ന ബിജെപി പ്രവർത്തകന്റെ ടൈംലൈനിലാണ് ടീച്ചർക്കെതിരെ കൊലവിളിക്ക് ആഹ്ന്വാനം ഉണ്ടായിരിക്കുന്നത്. we want her blood as well. she crossed the limit of our patients. patients എന്നതിൽ അക്ഷരതെറ്റുണ്ടെങ്കിലും ഉദ്ദേശിച്ചത് പേഷ്യൻസ് എന്നാണെന്ന് വ്യക്തം. പോസ്റ്റിനെ പിന്തുണച്ച് ബിജു നായർ എന്ന പ്രവർത്തകൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും രമേഷ് പ്രതികരിക്കുന്നത്. സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കേസെടുക്കുമോ എന്ന ചോദ്യവുമായി ബൽറാം എത്തിയത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കിൽ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്.

ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെൽ നേതാവ് ബിജു നായർക്കും കമന്റിട്ട രമേഷ് കുമാർ നായർക്കുമെതിരെ ഐപിസി വകുപ്പുകൾ വച്ച് ക്രിമിനൽ കേസെടുക്കാൻ പിണറായി വിജയൻ- ലോകനാഥ് ബെഹ്‌റ പൊലീസ് തയ്യാറാകണം.

മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആർഎസ്എസുകാരനെതിരെ മാധ്യമ പ്രവർത്തക ഷാഹിന പൊലീസിൽ നൽകിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സ്ഥിരം ഇരട്ടത്താപ്പിനിടയിൽ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റർ പിണറായി വിജയൻ.