തിരുവനന്തപുരം: കണ്ണൂരിലെ ശുഹൈബിന്റെ രാഷ്ട്രീയ കൊലപാതകത്തിൽ മൗനം പാലിക്കുന്ന സാംസ്കാരിക നായകരെ രൂക്ഷമായി വിമർശിച്ച് തൃത്താല എംഎൽഎ വി ടി ബൽറാം. സിപിഎമ്മിന്റെ കൊലക്കത്തിക്ക് രാകി മൂർച്ച കൂട്ടിക്കൊടുക്കുന്നത് മാധ്യമ, സിനിമാ, സാംസ്കാരിക രംഗങ്ങളടക്കിവാഴുന്നവരാണെന്ന് വിടി ബൽറാം വിമർശിച്ചു. എല്ലാം ശരിയാവുമെന്ന വ്യാജവാഗ്ദാനത്തിന്റെ പ്രഥമദൃഷ്ട്യാത്തന്നെയുള്ള പൊള്ളത്തരം തിരിച്ചറിയാൻ കഴിയാതെപോയ നിഷ്‌ക്കളങ്കരുടെ കാര്യം വിടാം. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയർക്കും കണ്ണൂരിന്റെ മണ്ണിൽ വീണ ശുഹൈബിന്റെ ചോരയിൽ പരോക്ഷ ഉത്തരവാദിത്തമുണ്ടെന്നും വിടി ബൽറാം പറഞ്ഞു.

സിപിഎം ഭീകരതക്കെതിരെ പ്രൊഫൈൽ ചിത്രം മാറ്റി പ്രതിഷേധിക്കാൻ ബൽറാം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സാംസ്കാരിക നേതാക്കൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എല്ലാം ശരിയാവുമെന്ന വ്യാജവാഗ്ദാനത്തിന്റെ പ്രഥമദൃഷ്ട്യാത്തന്നെയുള്ള പൊള്ളത്തരം തിരിച്ചറിയാൻ കഴിയാതെപോയ നിഷ്‌ക്കളങ്കരുടെ കാര്യം വിടാം. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയർക്കും കണ്ണൂരിന്റെ മണ്ണിൽ വീണ ശുഹൈബിന്റെ ചോരയിൽ പരോക്ഷ ഉത്തരവാദിത്തമുണ്ട്.

അതിന്റെയൊക്കെ നൂറിരട്ടി കൊടിയ വഞ്ചനയാണ് നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസർത്തുകൾ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങൾ രചിച്ച്, ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരുപറഞ്ഞ് ഈ ക്രിമിനൽ സംഘത്തിനനുകൂലമായി കേരളീയ പൊതുബോധത്തെ രൂപപ്പെടുത്തിയ ഇവിടത്തെ 'സാംസ്കാരിക നായകന്മാരു'ടേത്.

എന്നിട്ടിപ്പോ ഒരൊറ്റയെണ്ണത്തിന്റെ നാവ് പൊന്തുന്നുണ്ടോന്ന് നോക്കിയേ! മാധ്യമ, സിനിമാ, സാംസ്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഎം അടിമകളാണ് പാർട്ടിയുടെ കൊലക്കത്തി രാകി മൂർച്ച കൂട്ടിക്കൊടുക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റഞ്ച് ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് സിപിഎം ഉണ്ട് എന്നത് മറച്ചുപിടിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളിൽ ഇക്കൂട്ടർ സ്വയം കോലം കെട്ടിയാടുന്നത്. ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാൻ കൂടി ഇതൊരു അവസരമാണ്.

#CPM_Terror