- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ മോദിയോട് ഉപമിച്ച് പോസ്റ്റിട്ടപ്പോൾ തെറിവിളിയുടെ പൂരം; കുരുപൊട്ടിയിട്ട് കാര്യവുമില്ലെന്ന് പറഞ്ഞ ബൽറാം ഇത്തവണ ഉപമിച്ചത് ഹിറ്റ്ലറോട്; പൊങ്കാലയിട്ട സൈബർ സഖാക്കൾക്ക് മറുപടി നൽകി കോൺഗ്രസ് എംഎൽഎ
തിരുവനന്തപുരം: പിണറായി വിജയനെ നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ തന്നെ തെറിവിളിച്ച് രംഗത്തെത്തിയവർക്ക് മറുപടിയുമായി വിടി ബൽറാം എംഎൽഎ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്നെ തെറിവിളിച്ചവർക്കെതിരെ രംഗത്തുവന്നത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട് നിർമ്മാണം പൂർത്തി
തിരുവനന്തപുരം: പിണറായി വിജയനെ നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ തന്നെ തെറിവിളിച്ച് രംഗത്തെത്തിയവർക്ക് മറുപടിയുമായി വിടി ബൽറാം എംഎൽഎ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്നെ തെറിവിളിച്ചവർക്കെതിരെ രംഗത്തുവന്നത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി മെട്രോയുടെ ചിത്രം പിണറായി വിജയന്റെ നവകേരള മാർച്ചിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നു. ഇതിനെ വിമർശിച്ചായിരുന്നു ബൽറാം നേരത്തെ ഫേസ്‌ബുക്കിൽപോസ്റ്റിട്ടത്.
യുഡിഎഫ് നടപ്പിലാക്കിയ കൊച്ചി മെട്രോ പദ്ധതി സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണ ബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്നത് ആ പാർട്ടിയുടെ തികഞ്ഞ ഗതികേടാണെന്ന് വിമർശിച്ചാണ് ബൽറാം രംഗത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ മോദി നടത്തിയ മുന്നൊരുക്കത്തെയും അദ്ദേഹം താരമ്യപ്പെടുത്തി. ഇതോടെയാണ് സിപിഐ(എം) സൈബർ സഖാക്കൾ ബൽറാമിനെതിരെ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് ബൽറാം വീണ്ടും തന്റെ നിലപാട് ആവർത്തിച്ച് രംഗത്തുവന്നത്.
എന്തോ വലിയ സംഭവങ്ങളാണെന്ന മട്ടിൽ ഏതെങ്കിലും നേതാവിനെ ഭക്തരും ഫാൻസും തലയിലേറ്റി നടക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം ബാധ്യതയാണ്. അത് വച്ച് ആ നേതാക്കൾ വിമർശനാതീതരാവുന്നില്ലെന്ന് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആരെങ്കിലും അവരെ വിമർശിച്ചാൽ അതിന്റെ പേരിൽ കുരുപൊട്ടിയിട്ടും തെറിവിളിച്ചിട്ടും കാര്യവുമില്ല. ജനാധിപത്യത്തിൽ ആരെയെങ്കിലും വിമർശിക്കുന്നതടക്കമുള്ള ഭരണഘടനാവകാശങ്ങൾക്കുള്ള യോഗ്യത പ്രായമല്ല, പൗരത്ത്വമാണ്. 70 വയസ്സിന്റെ പ്രായവും അനുഭവവുമുള്ളവരെയും ഒരു 37 വയസ്സുകാരന് വിമർശിക്കാമെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കൂടാതെ ഹിറ്റ്‌ലറോടും ഉപമിച്ചാണ് ഇത്തവണ ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ:
കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ട പോസ്റ്റിന് വന്ന കമന്റുകളുടേയും പൊതുവിൽ സമീപദിവസങ്ങളിൽ നടക്കുന്ന അതിമാനുഷനായ നേതാവിനേക്കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകളുടേയും പശ്ചാത്തലത്തിൽ എനിക്ക് പറയാനുള്ളത് ഇവിടെ കുറിക്കുന്നു:
1) എന്തോ വലിയ സംഭവങ്ങളാണെന്ന മട്ടിൽ ഏതെങ്കിലും നേതാവിനെ ഭക്തരും ഫാൻസും തലയിലേറ്റി നടക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം ബാധ്യതയാണ്. അത് വച്ച് ആ നേതാക്കൾ വിമർശനാതീതരാവുന്നില്ല. ആരെങ്കിലും അവരെ വിമർശിച്ചാൽ അതിന്റെ പേരിൽ കുരുപൊട്ടിയിട്ടും തെറിവിളിച്ചിട്ടും കാര്യവുമില്ല. ജനാധിപത്യത്തിൽ ആരെയെങ്കിലും വിമർശിക്കുന്നതടക്കമുള്ള ഭരണഘടനാവകാശങ്ങൾക്കുള്ള യോഗ്യത പ്രായമല്ല, പൗരത്ത്വമാണ്. 70 വയസ്സിന്റെ പ്രായവും അനുഭവവുമുള്ളവരെയും ഒരു 37 വയസ്സുകാരന് വിമർശിക്കാം.
2) ഹിറ്റ്‌ലറുടെ അവസാന ന്യൂറംബർഗ്ഗ് റാലിയിൽ ഏതാണ്ട് എട്ട് ലക്ഷം ആളുകളാണ് പങ്കെടുത്തിരുന്നത്. അത് മുഴുവൻ പകർത്താൻ അക്കാലത്തെ ഒരു ക്യാമറക്കും കഴിഞ്ഞിരുന്നില്ല. ആധുനിക ജനാധിപത്യത്തിൽ തെരുവിലെ ആൾക്കൂട്ടത്തിന്റെ വലുപ്പം ശരിതെറ്റുകളുടെ അളവുകോലല്ല.
3) പാർട്ടിയിലെ മുതലാളിത്ത താത്പര്യങ്ങളെ തുറന്നെതിർത്തതിന്റെ പേരിൽ രക്തസാക്ഷിയായ ടി. പി. ചന്ദ്രശേഖരന് യഥാർത്ഥ സഖാക്കൾ നൽകിയ വിശേഷണമാണ് 'ഇരട്ടച്ചങ്കുള്ള ധീരനായ കമ്മ്യൂണിസ്റ്റ്' എന്നത്. ചന്ദ്രശേഖരനെ ഇല്ലായ്മ ചെയ്തവർക്കും അതേ വിശേഷണം ചാർത്തിനൽകുന്നത് അപഹാസ്യമാണ്. മുണ്ടുടുത്ത മുസ്സോളിനിമാരുടെ മാടമ്പിരാഷ്ട്രീയത്തിന് അൽപ്പബുദ്ധികളായ ഫാൻസ് നൽകുന്ന വിശേഷണ ഡെക്കറേഷൻസായേ അതിനെയൊക്കെ കാണാൻ പറ്റൂ.
4) ഗൂഢാലോചനാക്കേസുകൾ അന്വേഷിച്ച് കണ്ടുപിടിക്കാനോ തെളിവ് നിരത്തി കോടതിമുമ്പാകെ സ്ഥാപിക്കാനോ എളുപ്പമല്ല. മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയി. അതുപോലെ ടി പി ചന്ദ്രശേഖരൻ വധഗൂഢാലോചനയിലും ചിലർ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഒന്നിന് മറുപടിയായി മറ്റൊന്ന് എന്ന നിലയിൽ കൃത്യമായി കണക്ക് പാലിച്ചുകൊണ്ട് മുന്നോട്ടുപോകുകയും പിന്നീട് പാർട്ടി നേതാക്കന്മാർ സമാധാന ചർച്ച നടത്തിയാൽ സ്വിച്ചിട്ടപോലെ നിൽക്കുന്നതുമായ കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ വ്യക്തമായ ഒരു സൂത്രധാരത്ത്വമുണ്ട് എന്നതിൽ സംശയമൊന്നുമില്ല.
5) ഈ സർക്കാരിന്റെ കാലത്ത് പുതുതായി വൈദ്യുത പദ്ധതികൾ ഒന്നും തുടങ്ങിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. 44 മെഗാവാട്ടോളം പുതുതായി കേരളത്തിൽത്തന്നെയുള്ള ഉത്പാദനം വർദ്ധിപ്പിച്ചതോടൊപ്പം ഏതാണ്ട് 1300 മെഗാവാട്ടോളം ദീർഗ്ഘകാല പവർ പർച്ചേസ് അഗ്രീമെന്റുകൾ വഴി യൂണിറ്റിന് ഏതാണ്ട് 4 രൂപ നിരക്കിൽ അടുത്ത 30 വർഷത്തേക്ക് ഉറപ്പുവരുത്താനും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിലെ 30 ശതമാനത്തിൽ നിന്ന് പ്രസരണ വിതരണ നഷ്ടം 14 ശതമാനത്തോളമാക്കി കുറക്കാനും കഴിഞ്ഞു. ഛത്തീസ്‌ഗഢിൽ നിന്നുള്ള 26000 കോടി രൂപയുടെ പവർ കോറിഡോറിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കുന്നു. ഏതായാലും ലാവലിൻ ഇടപാടിൽ 375 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചുവെങ്കിലും അതിന്റെ ഫലമായി ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് സി&എജി കണ്ടെത്തിയത്.
6) ചില വലിയ നേതാക്കൾ പാർട്ടിയെ നയിച്ച നീണ്ട കാലത്ത് പാർട്ടി വിവിധ തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ച് പരാജയപ്പെടുകയായിരുന്നു എന്നത് ഒരു വസ്തുത മാത്രമാണ്. പരസ്യപ്രചരണത്തിന് വരാതെ അണ്ടർ ഗ്രൗണ്ടിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവർ നേതൃത്ത്വത്തിൽ നിന്ന് മാറിയതിന് ശേഷമാണ് ഈയിടെ ഒരു വിജയമുണ്ടായത്. പാർട്ടി അതിന്റെ അടിസ്ഥാന നിലപാടുകളിൽ നിന്ന് വ്യതിചലിച്ചതും പുത്തൻ പണക്കാരുടെ സ്വാധീനത്തിലമർന്നതും വർഗ്ഗീയ സംഘടനകളുമായി വരെ അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ടാക്കിയതും ജനങ്ങളിൽ നിന്ന് (ആൾക്കൂട്ടങ്ങളിൽ നിന്നല്ല) അകന്നതും ഒക്കെ ഈ പരാജയങ്ങളുടെ കാരണമായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
7) കേരളത്തിന്റെ ഭാവി വികസനത്തേക്കുറിച്ച് മൗലികമായ ഒരു കാഴ്‌ച്ചപ്പാടും ഈ വലിയ നേതാവ് ഇതുവരെ മുന്നോട്ടുവച്ചതായി കാണുന്നില്ല. നാട്ടുകാർ മുഴുവൻ പതിനഞ്ച് വർഷം മുൻപ് തിരിച്ചറിഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ പുതുതായി കണ്ടെത്തിയതെന്ന മട്ടിൽ ഏറ്റുപറഞ്ഞ് കുമ്പസാരം നടത്തുന്നത് വലിയ കാര്യമൊന്നുമല്ല. മുറിമൂക്കന്മാർക്ക് പ്രാധാന്യം കിട്ടുക മൂക്കില്ലാരാജ്യത്ത് മാത്രമാണ്.
8) ഏത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഒരു പൊതുപരിപാടിയിൽ വച്ച് പരസ്പരം കാണുമ്പോൾ കൈകൊടുക്കുന്നതും അഭിവാദ്യം ചെയ്യുന്നതും പ്രസംഗത്തിൽ ഒന്നോ രണ്ടോ നല്ലവാക്കുകൾ പറയുന്നതും ഒക്കെ സാമാന്യമര്യാദയുടെ മാത്രം ഭാഗമാണ്. നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും കണ്ടുമുട്ടുമ്പോഴും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാവും പെരുമാറുക. അതിനർത്ഥം അവർ 'മനസ്സുകൊണ്ട് ആരാധിക്കുന്നു' എന്നല്ല.
9) സാധാരണ മനുഷ്യരെല്ലാവരും ചിരിക്കാറുള്ളവരാണ്. കാപട്യമുള്ളവർ മാത്രമാണ് ചിരിക്കുന്നതെന്നും ചിലർ ചിരിക്കാത്തത് ഉള്ളിൽ കാപട്യമില്ലാത്തതുകൊണ്ടാണെന്നുമൊക്കെ ഏതെങ്കിലും മനഃശ്ശാസ്ത്ര ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ടോ എന്നറിയില്ല്‌ല.
നേരത്തെ കാര്യമായി ചിരിക്കാതിരുന്നവർ ഈയിടെയായി ചിരിച്ച് കാണുന്നത് ഉള്ളിൽ കാപട്യം കുറേശ്ശെ കടന്നുവരുന്നതുകൊണ്ടാണോ എന്ന് വിശദീകരിക്കേണ്ടത് ഫാൻസുകാർ തന്നെയാണ്.
10) ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിലാണ് ചിലർ തൃത്താല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്. അങ്ങനെയാണെങ്കിൽ തൃത്താല പ്രധാനമണ്ടൻ എന്ന് മറ്റു ചിലരിപ്പോൾ വിശേഷിപ്പിക്കുന്നത് ആരെ വിമർശിച്ചതിന്റെ പേരിലാണ് എന്ന് അവർ തന്നെ വ്യക്തമാക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ട പോസ്റ്റിന് വന്ന കമന്റുകളുടേയും പൊതുവിൽ സമീപദിവസങ്ങളിൽ നടക്കുന്ന അതിമാനുഷനായ നേതാവിനേക്കുറി...
Posted by VT Balram on Wednesday, January 20, 2016