തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിൽ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നതെന്നാണ് പൊതുവേ ഇതേക്കുറിച്ചുള്ള ആക്ഷേപം. ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട് താനും. പൊതുജന മനസാക്ഷിയെ തൃപ്തിപ്പെടുത്താൻ പോന്ന വിശദീകരണങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ഫേസ്‌ബുക്കിലൂടെ വിടി ബൽറാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ജനങ്ങളുടെ ഓഡിറ്റ് ആവശ്യപ്പെട്ടാണ് ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിനൊപ്പം ബൽറാമിന് കിംങ് ജോംങ് ഉന്നുമായി മുഖ്യമന്ത്രിയെ താരതമ്യപ്പെടുത്തിയുള്ള ചിത്രവുമിട്ടിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ സഖാക്കൾ ബൽറാമിനെ തെറിവിളിച്ച് രംഗത്തുവന്നു.

ഫോട്ടോഷോപ്പിലൂടെ മോർഫിങ് നടത്തിയ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് ബൽറാമിനെ സഖാക്കൾ നേരിട്ടത്. ഷക്കീലയുടെ ശരീരത്തിൽ ബൽറാമിനെ തല ചേർത്തിട്ടും കലിപ്പു തീരാത്തവർ ട്രാൻസ്ജന്റർ ആക്ടിവിസ്റ്റായ ശീതളിനെയും വെറുതേ വിട്ടില്ല. ബൽറാമും ശീതളും ഒരുമിച്ചുള്ള ചിത്രത്തിൽ ഫോട്ടോഷോപ്പ് നടത്തി ശീതളിനെ അപമാനിക്കുകയാണ് വെള്ളാങ്കുണ്ട് സഖാക്കൾ എന്ന ഗ്രൂപ്പ് ചെയ്തത്. ഇതോടെ ബൽറാമിന് പണി കൊടുക്കാനുണ്ടാക്കിയ ഫോട്ടോഷോപ്പ് തിരിച്ചടിക്കുകയാണ് ഉണ്ടായത്. ശീതളിനെ അപമാനിക്കുന്ന വിധത്തിൽ ഫോട്ട്‌ഷോപ്പ് പ്രയോഗം സിപിഐ(എം) സൈബർ പോരാളികളുടെ ഭാഗത്തു നിന്നും ഉണ്ടായതോടെ വിവരമില്ലാത്ത സഖാവിന് വേണ്ടി മാപ്പു ചോദിച്ച് നിരവധി പേർ രംഗത്തെത്തി.

ട്രാൻസ് ജന്റേഴ്‌സിന് വേണ്ടിയുള്ള സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയ ആയ ശീതൾ ശ്യാം അടുത്തിടെ മാതൃഭൂമി ആഴ്‌ച്ച പതിപ്പിൽ മുഖചിത്രമായും ഇടം പിടിച്ചിരുന്നു. കേരളത്തിലെ ട്രാൻസ്‌ജെൻഡർ അവകാശ പോരാട്ടങ്ങളിൽ മുൻനിരയിലുള്ള പോരാളിയാണ് ട്രാൻസ്‌ജെൻഡർ ശീതൾ ശ്യാം. നിയമം നിർമ്മിക്കപ്പെട്ടെങ്കിലും കേരളീയ പൊതുസമൂഹം ലൈംഗിക വ്യത്യസ്തതകളോട് പുലർത്തുന്ന മുൻവിധികളെ രൂക്ഷമായി വിമർശിക്കുകയാണെന്ന് അവർ നേരത്തെ പറയുകയുണ്ടായി. സമാനമായ അനുഭവമാണ് ഇപ്പോൾ സൈബർ ലോകത്തു നിന്നും ഉണ്ടായിരിക്കുന്നത്.

'തൃത്താലയിലെ പ്രമുഖ ഊത്തനും കാമുകിയും ദിലീപ്-കാവ്യ വിവാഹത്തിന് പിന്നാലെ ഇരുവരും അതീവ രഹസ്യമായി വിവാഹം കഴിച്ചു' എന്നെഴുതി കൊണ്ടാണ് ശീതളിനെ സഖാക്കൾ അപമാനിച്ചത്. അതേസമയം ശീതളിന് വലിയ തോതിൽ തന്നെ പിന്തുണ ലഭിക്കുകയുണ്ടായി. മറിച്ച് വെള്ളാങ്കുണ്ട് സഖാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവും ഉയർന്നതോടെ ഈ ചിത്രം പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ശീതൾ എന്ന വ്യക്തിക്ക് ഏതെങ്കിലും വിധത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു എന്നും പറഞ്ഞുകൊണ്ട് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട ്. അതേസമയം സൈബർ ലോകത്ത് ശീതളിനെ പിന്തുണച്ചു കൊണ്ടു നിരവധി പേരാണ് രംഗത്തുവന്നത്.