കൊച്ചി: എകെജിക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാടിൽ ഉറച്ച് തൃത്താല എംഎൽഎ വി.ടി. ബൽറാം. മാപ്പ് പറഞ്ഞില്ലെങ്കിൽ വഴി നടത്തില്ലെന്നെന്നാണ് സിപിഎം ഭീഷണി. ആ ഭീഷണിക്ക് വഴങ്ങാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ വ്യക്തമാക്കിയിട്ടും സിപിഎമ്മിന്റെ ഈ നിലപാടു പരിഹാസ്യമാണെന്നും ബൽറാം പറഞ്ഞു.

പ്രകോപനത്തിൽ വീഴരുതായിരുന്നുവെന്ന പുനർവിചിന്തനമുണ്ട്. ഒരു കമന്റിന് അതേ ഭാഷയിൽ മറുപടി നൽകിയതാണ്. വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ല. വിവാദം ഒഴിവാക്കാൻ സിപിഎം മുൻകൈയെടുക്കണം. തന്റെ പ്രതികരണം കോൺഗ്രസിന്റെ ശൈലിയല്ല. മുതിർന്ന നേതാക്കളുടെ പ്രതികരണം സ്വാഭാവികം മാത്രമാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണു താൻ പ്രതികരിച്ചത്. സിപിഎമ്മിനു മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യമുള്ളതെന്നും ബൽറാം പറഞ്ഞു.

എകെജിയുമായി ബന്ധപ്പെട്ടു താൻ നടത്തിയ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്കു നൽകിയ മറുപടിയാണെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നും നേരത്തേതന്നെ ബൽറാം വ്യക്തമാക്കിയിരുന്നു. ആ വാക്കുകൾ ഒരിടത്തും ഇനി ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിലയിൽ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാനും താൽപര്യമില്ലെന്നും ബൽറാം അന്നു പറഞ്ഞിരുന്നു.

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ബൽറാമിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരാമർശം അപ്പാടെ തള്ളിക്കളഞ്ഞ കോൺഗ്രസ്, ഇത്തരം പരാമർശങ്ങൾ മേലിൽ ആവർത്തിക്കരുതെന്നു താക്കീതും നൽകി.