തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ പന്തളം അമ്മയുടെ ശാപവാക്കുകൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നതും വ്യാജം. മലകയറാനെത്തുന്ന സ്ത്രീകൾക്ക് സന്താനലബ്ദി ഉണ്ടാകില്ലെന്ന് പന്തളം അമ്മ ശപിക്കുന്നു എന്ന പേരിൽ വ്യാപകമായ പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം മരിച്ചുപോയ പന്തളത്ത് അമ്മയുടെ പേരിരാണ് വ്യാജപ്രചരണം കൊഴുക്കുന്നത്.

2017-ൽ മരിച്ചുപോയവരുടെ ചിത്രവും പേരും ഉപയോഗിച്ച് പന്തളം അമ്മ എന്ന പേരിൽ വ്യാജപ്രചരണം നടത്തിയിരിക്കുകയാണ് ഇക്കൂട്ടർ. സംഘപരിവാർ അനുയായികളുടെ ഗ്രൂപ്പുകളിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ''എന്റെ മകൻ ഇരിക്കുന്ന പുണ്യസ്ഥലം കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗുണംപിടിക്കാതെ പോവട്ടെ. മനസാ വാചാ കർമണാ ഇതിന്ന് കൂട്ട് നിന്നവരാരും ഗുണം പിടിക്കില്ല. സന്താന ലബ്ധിക്കായി അവർ ഉഴലും. രോഗങ്ങളാൽ അവരുടെ കുടുംബം നരകിക്കും. ഒരു അമ്മയുടെ ഹ്യദയം പോറ്റിയുള്ള ശാപ''മാണെന്നുമാണ് ചിത്രത്തിൽ ഇവരുടെ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.

എന്നാൽ പന്തളം അമ്മ എന്ന പേരിൽ പ്രചരിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രം വ്യാജം ആണെന്നും 2017-ൽ മരിച്ചുപോയൊരു സ്ത്രീയുടേതാണെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. വർഗീയ വ്യാജ പ്രചാരങ്ങളിലൂടെ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ പുതിയ ഇരയാണ് ഈ ചിത്രത്തിൽ പന്തളം അമ്മയായി കാണിച്ചിരിക്കുന്ന മരിച്ചുപോയ സ്ത്രീ.

സ്രാമ്പിക്കൽകൊട്ടാരത്തിലെ അംബ തമ്പുരാട്ടിയായ ഇവർ 2017 നവംബർ 27 നാണ് മരിച്ചത്. പന്തളം അമ്മയുടേതെന്ന പേരിൽ ഇത് പല സംഘപരിവാർ അനുകൂലികളും സോഷ്യൽമീഡിയയിൽ ഇന്നലെമുതൽ പ്രചരിപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള നീക്കമുണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷം അന്തരിച്ച പന്തളം അമ്മയുടെ പേരിൽ ശബരിമലയുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വിടി ബലറാം എംഎൽഎയും രംഗത്തുവന്നു. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ യുടെ കുറിപ്പ്. മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരിൽ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങൾ ഫോട്ടോഷോപ്പിൽ എഴുതിപ്പിടിപ്പിക്കുകയാണ്. പരിഹാസ കഥാപാത്രമാക്കുന്നവർക്കെതിരെ സൈബർ നിയമങ്ങളുപയോഗിച്ച് കേസെടുക്കാൻ പൊലീസ് അയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിങ്ങനെ: ഇതെന്തൊരു ഭ്രാന്താണിത്! മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരിൽ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങൾ ഫോട്ടോഷോപ്പിൽ എഴുതിപ്പിടിപ്പിച്ച് അവരെ എല്ലാവർക്കും മുമ്പിൽ പരിഹാസ കഥാപാത്രമാക്കുന്നവർക്കെതിരെ സൈബർ നിയമങ്ങളുപയോഗിച്ച് കേസെടുക്കാൻ പൊലീസ് തയ്യാറാകണം.