കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത വാർത്തയുടെ പേരിൽ ഇടതു അണികളിൽ നിന്ന് തനിക്ക് ഇപ്പോഴും സൈബർ ആക്രമണം നേരിടുകയാണെന്ന് തുറന്നെഴുതിയ കായംകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ഡിവൈഎഫ്‌ഐ നേതാവ് സജീഷിന്റെ പി ആർ നാടകം ചൂണ്ടിക്കാട്ടി കൊണ്ടാണ് ബൽറാം തന്റെ നിലപാട് അറിയിച്ചത്.

തെരഞ്ഞെടുപ്പ് കാലത്തെ സോഫ്റ്റ് സ്റ്റോറിയുടെ പേരിൽ പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടവെട്ടുന്ന ഒരു യുവ പൊതുപ്രവർത്തകയ്ക്കും മാധ്യമപ്രവർത്തകയ്ക്കും നേരെ സി.പിഐ.എം ഓൺലൈൻ ഗുണ്ടകൾ നീചമായ സൈബർ അറ്റാക്ക് നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'മൈക്കും കുത്തി ചാനൽ കാമറക്ക് വേണ്ടി പാടത്തുകൊയ്യാനിറങ്ങിയ സജീഷൻ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കിൽ സിപിഐ.എം പി.ആർ പുലികൾ ഇതിനോടകം എന്തൊക്കെയൊന്ന് എഴുതിപ്പൊലിപ്പിച്ചേനെ.

ആർദ്രതയുള്ള മനസ്സ്, നിഷ്‌ക്കളങ്കമായ പെരുമാറ്റം, സഹ സഖാക്കൾക്കൊപ്പമുള്ള കഠിനാധ്വാനം, യുവത്വത്തിന്റെ സാമൂഹിക പ്രതിബദ്ധത, കോവിഡ് കാലത്തെ സർഗാത്മകത, മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തേക്കുറിച്ച് മാർക്സിന്റെ കാഴ്ചപ്പാട്, സോവിയറ്റ് കാലത്തെ കാർഷിക അഭിവൃദ്ധിയിൽ ലെനിന്റെ പങ്ക്, ക്യൂബൻ വിപ്ലവത്തിനിടയിൽ കൃഷിപ്പണിക്ക് സമയം കണ്ടെത്തിയ കാസ്ട്രോ, ചെഗുവേര.

ഇങ്ങനെ കാണ്ഡം, കാണ്ഡം എഴുതി നിറച്ചേനെ. എന്നിട്ടാണ് എട്ടുപത്ത് മാസം മുമ്പ് ടെലികാസ്റ്റ് ചെയ്ത ഒരു തെരഞ്ഞെടുപ്പ് സോഫ്റ്റ് സ്റ്റോറിയുടെ പേരിൽ പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടവെട്ടുന്ന ഒരു യുവ പൊതുപ്രവർത്തകയ്ക്കും മാധ്യമപ്രവർത്തകയ്ക്കും നേരെ സി.പിഐ.എം ഓൺലൈൻ ഗുണ്ടകൾ ഈ നീചമായ സൈബർ അറ്റാക്ക് നടത്തുന്നത്,' ബൽറാം എഴുതി

അതേസമയം, മുഖ്യമന്ത്രിക്കെഴുതിയ കത്തിലായിരുന്നു അരിത ബാബു തനിക്കുണ്ടായ ദുരനുഭവം എഴുതിയിരുന്നത്. 'ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവർത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരിൽ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നാണ് അരിത ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്. 'പാൽക്കാരീ' 'കറവക്കാരീ' എന്നുമൊക്കെയുള്ള വിളികൾ അതിന്റെ നേരിട്ടുള്ള അർത്ഥത്തിൽ ആണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാൽ, 'കറവ വറ്റിയോ ചാച്ചീ', ' നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപ്പം പാൽ കറന്നാലോ ഈ രാത്രിയിൽ?' എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർ ചിത്രമായി കൊടുക്കുന്നത്, ' അരിത ബാബു കത്തിൽ പറഞ്ഞു.

എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിൽ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ടെന്നും ഇടതുപക്ഷത്തിലെ നേതാക്കളുടെ സ്റ്റോറികളും സമാന സാഹചര്യത്തിൽ വന്നിട്ടുണ്ടെന്നും അരിത മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു.

'ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയിൽ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാൻ. എന്നാൽ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തിൽ വിളംബരം ചെയ്യുന്ന ചിലർ ഫേസ്‌ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു,' അരിത ബാബു പറഞ്ഞു.