സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണു 'ഹിന്ദുത്വ'ത്തെ മാർക്കറ്റ് ചെയ്യേണ്ടത്. ചില വിപണന തന്ത്രങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണു:

ഒന്ന്) മതഗ്രന്ഥമെന്ന നിലയിലും തത്വശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഒരുപാടുപേർ ബഹുമാനിക്കുന്ന ഭഗവദ് ഗീതയുടെ പേരിൽ അപ്രായോഗികമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അനാവശ്യവിവാദമുണ്ടാക്കുക.

രണ്ട്) അപ്പോൾ സ്വാഭാവികമായും ഒരു ബഹുമതസമൂഹമെങ്കിലും ഭരണഘടനാപരമായി ഒരു മതേതര രാജ്യമായ ഇന്ത്യയിൽ അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട ഗ്രന്ഥത്തിനു മാത്രം ഔദ്യോഗികാംഗീകാരം നൽകുന്നതിലെ അനഭിലഷണീയതയേക്കുറിച്ച് മതേതര, പുരോഗമന ചിന്താഗതികളുള്ളവർക്ക് അഭിപ്രായം പറയേണ്ടിവരും.

മൂന്ന്) അങ്ങനെ ആരെങ്കിലും പറഞ്ഞുകിട്ടിയാൽപ്പിന്നെ കാര്യം എളുപ്പമായി. അവരെ മുഴുവൻ പതിവുപോലെ 'ഹിന്ദു വിരോധികളാ'യും ആർഷ ഭാരത സംസ്‌കാരത്തിന്റെ ശത്രുക്കളായും ബ്രാൻഡ് ചെയ്ത് അധിക്ഷേപിക്കാം. അവരൊക്കെ അങ്ങനെ പറയുന്നത് ന്യൂനപക്ഷങ്ങളെ ഭയന്നിട്ടാണെന്നും വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നുമുള്ള സ്ഥിരം പല്ലവി ആവർത്തിക്കാം.

നാലു) 'കപട മതേതരർ' എതിർത്തതുകൊണ്ട് മാത്രമാണു കാര്യം നടക്കാതെ പോയതെന്ന് പിന്നീട് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കാം. അങ്ങനെയങ്ങനെ ഭഗവദ് ഗീതയെ യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്ന നിഷ്‌ക്കളങ്കരായ ആളുകളെ മുഴുവൻ പടിപടിയായി മനസ്സുകൊണ്ടെങ്കിലും സംഘ് പരിവാറിന്റെ താവളത്തിലേക്ക് അടുപ്പിക്കാം.
എങ്ങനെ പോയാലും കച്ചവടം ലാഭം തന്നെ.