ൽഹിയിൽ അവിശ്വസനീയവും ആധികാരികവുമായ വിജയം കൈവരിച്ച ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിപ്രായ വോട്ടെടുപ്പുകളിൽ സൂചിപ്പിക്കപ്പെട്ടതിലും എത്രയോ സമ്പൂർണ്ണവും സമഗ്രവുമാണു ആം ആദ്മി പാർട്ടിക്ക് അനുകൂലമായ ഡൽഹി വോട്ടർമ്മാരുടെ ഈ വിധിയെഴുത്ത്.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പരാജയം അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ഒറ്റ സീറ്റും നേടാതെയുള്ള ഈ തോൽവി ദുഃഖിപ്പിക്കുന്നതാണെന്ന കാര്യം മറച്ചുവെക്കുന്നില്ല. ആത്മാർത്ഥവും ആഴത്തിലുള്ളതുമായ ആത്മപരിശോധനയാണു ഇത്തരുണത്തിൽ പാർട്ടി നടത്തേണ്ടത്. നയങ്ങളേയും പ്രവർത്തനശൈലിയേയും കുറിച്ച് മാത്രമല്ല പാർട്ടിയേക്കുറിച്ചുള്ള ജനങ്ങളുടെ പെർസപ്ഷനേക്കുറിച്ചും പുനരവലോകനം നടത്തുകയും അതനുസരിച്ചുള്ള തിരുത്തലുകൾ വരുത്തുകയും വേണം.

'മോദി മാജിക്ക്', 'അജയ്യനായ മോദി' എന്നീ മിഥ്യകളുടെയൊക്കെ അന്ത്യം കുറിക്കുന്ന ജനകീയ വിധിയെഴുത്ത് എന്ന നിലയിലാണു ഡൽഹിയുടെ സന്ദേശം നിർണ്ണായകമാവുന്നത്. കഷ്ടിച്ച് മൂന്ന് സീറ്റ് കിട്ടിയെങ്കിലും കോൺഗ്രസ്സിന്റേതിനേക്കാൾ എത്രയോ ദയനീയമാണു ബിജെപി.യുടെ തോൽവി. കാരണം വിജയിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ഒരു 'മിനി ഇന്ത്യ' തന്നെയായ രാജ്യതലസ്ഥാനത്തെ വിജയത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിമാനപ്രശ്‌നമായി ഏറ്റെടുക്കുകയും ചെയ്താണു ബിജെപി. ഈ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയത്. മുപ്പതോളം കേന്ദ്രമന്ത്രിമാരും 120 ഓളം എംപി.മാരുമൊക്കെച്ചേർന്ന് അധികാരവും പണക്കൊഴുപ്പും അതിരുവിട്ട് പ്രകടമായതായിരുന്നു ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രചരണ രംഗം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 47 ശതമാനത്തോളം വോട്ടും 60 നിയമസഭാ സീറ്റുകളിൽ ലീഡും നേടിയ ബിജെപി.യുടെ തകർച്ച നരേന്ദ്ര മോദിക്കെതിരായ വിധിയെഴുത്തല്ല എന്ന് എത്ര വ്യാഖ്യാനിച്ചാലും അത് വിലപ്പോവില്ല. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും അൺപോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി എന്ന സൂചനയാണിത് നൽകുന്നത്.

രാഷ്ട്രപിതാവിന്റെ ഘാതകർ തങ്ങളാണെന്ന് അഭിമാനപൂർവ്വം അവകാശപ്പെട്ടുകൊണ്ടും ഹിന്ദുരാഷ്ട്രസങ്കൽപ്പത്തിനു എതിരു നിൽക്കുന്നവരെ ഇനിയും കൊന്നുതള്ളാൻ മടിയില്ലെന്ന് ആക്രോശിച്ചും സ്വാമി ഓംരാജിനേപ്പോലുള്ള സംഘ പരിവാർ പ്രഭൃതികൾ കളം നിറഞ്ഞാടിയിട്ടും അവർ ആഗ്രഹിച്ച തരത്തിലുള്ള വർഗ്ഗീയ ധ്രുവീകരണമുണ്ടായില്ല എന്നത് ഇന്ത്യൻ മതേതരത്ത്വത്തെ സംബന്ധിച്ച് ആശാവഹമാണു. തെരഞ്ഞെടുപ്പ് മൂർദ്ധന്ന്യത്തിലും ഷാഹി ഇമാമിനേപ്പോലുള്ളവർ കുളം കലക്കാനായി മുന്നോട്ടുവച്ച പിന്തുണാവാഗ്ദാനം നിരസിക്കാൻ ആർജ്ജവം കാണിച്ച അരവിന്ദ് കേജ്‌രിവാളിനു ഒരു ബിഗ് സല്യൂട്ട്. തെരഞ്ഞെടുപ്പടുക്കുമ്പോൾ തങ്ങളുടെ സ്വാർത്ഥ താത്പര്യാർത്ഥം ഇല്ലാത്ത സ്വാധീനശേഷി ഉണ്ടെന്ന് ഭാവിച്ച് രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാനാർത്ഥികളുടേയുമൊക്കെ മെക്കിട്ടുകേറുന്ന മത, സാമുദായിക, ആത്മീയ നേതാക്കന്മാരെ നിർത്തേണ്ടിടത്ത് നിർത്താൻ ജനകീയനേതാക്കൾ തയ്യാറായാൽ ജനം കൂടെ നിൽക്കുമെന്നത് ശുഭകരമായ ഒരു സൂചനയാണു. ഈ ആത്മവിശ്വാസം കൂടുതൽ രാഷ്ട്രീയ നേതാക്കന്മാർക്ക് ഉണ്ടാകണമെങ്കിൽ ജനങ്ങളും ഇതേ മാതൃക ആവർത്തിച്ചേ പറ്റൂ.[BLURB#1-H] 

ഏതെങ്കിലും ഒരു പാർട്ടിയോടുള്ള അന്ധമായ വിധേയത്വത്തിന്റെ ഭാഗമായ 'ലോയൽ വോട്ടിങ്' എന്ന രീതിയുടെ കാലം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുപകരം അതതുകാലത്തും പ്രദേശത്തുമുള്ള സമൂർത്ത രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള 'ഇന്റലിജന്റ് വോട്ടിങ്' എന്നതിലേക്ക് ഇന്ത്യൻ ജനാധിപത്യം വളരുകയാണെന്നുമാണു കോൺഗ്രസ് പോലുള്ള പ്രസ്ഥാനങ്ങൾ ഈ ജനവിധിയിൽ നിന്ന് പ്രധാനമായി ഉൾക്കൊള്ളേണ്ട ഒരു പാഠമെന്ന് തോന്നുന്നു. ഇന്ത്യയുടെ രാഷ്ട്രസങ്കൽപ്പങ്ങളെത്തന്നെ തകർക്കാനാഗ്രഹിക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ ഭീഷണിയെ ചെറുക്കാൻ പരമ്പരാഗത കോൺഗ്രസ് വോട്ടർമ്മാർ പോലും ബുദ്ധിപൂർവ്വം അവർക്ക് ഉചിതമെന്ന് തോന്നിയ കക്ഷിക്ക് വോട്ട് നൽകി എന്നാണു മനസ്സിലാക്കേണ്ടത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി അതിന്റെ ഗുണഭോക്താവായി. കോൺഗ്രസ്സിനു മെച്ചപ്പെട്ട മുഖവും സംഘടനാ സംവിധാനവുമുള്ള ഇടങ്ങളിൽ ജനാധിപത്യ, മതേതര മനസ്സുകളുടെ പിന്തുണ നിലനിർത്താൻ ഇനിയും കഴിയും. അതുകൊണ്ടുതന്നെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും ആധുനിക, ലിബറൽ, മതേതര, ജനാധിപത്യ രാഷ്ട്രസങ്കൽപ്പത്തിനു ശക്തമായ അടിത്തറയിടുകയും ചെയ്ത 'ഗ്രാൻഡ് ഓൾഡ് പാർട്ടി' എന്ന തരത്തിൽ മാത്രമല്ല, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും ഭാവി സമൂഹത്തെ രൂപപ്പെടുത്താനും കഴിയുന്ന വ്യക്തമായ നയങ്ങളും കാഴ്ചപ്പാടുകളുമുള്ള 'ബ്രാൻഡ് ന്യൂ പാർട്ടി' എന്ന നിലയിൽക്കൂടി കോൺഗ്രസ്സിനെ ജനസമക്ഷം പുനരവതരിപ്പിക്കേണ്ടതുണ്ട്.[BLURB#2-VL]

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നെഹ്രു, ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ പഴയ ഭരണാധികാരികൾ ജനമനസ്സുകളിലിടം പിടിച്ചത് എല്ലാം തികഞ്ഞ അതിമാനുഷരായ വ്യക്തികൾ എന്ന നിലയിലല്ല, മറിച്ച് ജനാധിപത്യം, മതേതരത്ത്വം, ആധുനികത, സോഷ്യലിസം, ദാരിദ്ര്യനിർമ്മാർജ്ജനം, ശാസ്ത്ര സാങ്കേതികവിദ്യാ വികസനം, അധികാര വികേന്ദ്രീകരണം എന്നിങ്ങനെ ഓരോ കാലത്തിനും അനുയോജ്യമായ ആശയങ്ങളും നയങ്ങളും മുന്നോട്ടുവച്ചതുകൊണ്ടാണെന്ന് നാം മറന്നുപോകരുത്. 'ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഏക പരിഹാരം ഞാൻ' എന്ന മോദിയൻ ആത്മാരാധനക്കാലത്ത് സാധാരണ പൗരന്മാരെ ശാക്തീകരിക്കുന്ന അവകാശാധിഷ്ഠിത നിയമനിർമ്മാണങ്ങളിലൂടെയും ഗ്രാമീണ ഇന്ത്യയെക്കൂടി ഉൾക്കൊള്ളുന്ന വികസന സങ്കൽപ്പങ്ങളിലൂടെയും 'ഞാനല്ല, നമ്മൾ' എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു എന്നതാണു ഇന്നത്തെ കോൺഗ്രസ് നേതൃത്ത്വത്തിന്റെ പ്രസക്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ടുമാത്രം ആ ആശയം അപ്രസക്തമാവുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു കുടുംബത്തേയോ വ്യക്തിയേയോ അമിതമായി ആശ്രയിക്കുക എന്ന സ്തുതിപാഠക സംസ്‌കാരം വിട്ട് ഓരോ കാലത്തേയും നേതാക്കൾ ഉയർത്തിയതും ഇന്നും പ്രസക്തവുമായ ആശയങ്ങളുടേയും നയങ്ങളുടേയുമടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി പ്രവർത്തനത്തെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

'കോൺഗ്രസ് മുക്ത് ഭാരത്' എന്നാക്രോശിക്കുന്നവർ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് അധികാരസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ്സിനെ മാറ്റിനിർത്തുക എന്നതല്ല, മറിച്ച് കോൺഗ്രസ്സിലൂടെ ഈ നാട് പരിചയപ്പെട്ട പുരോഗമനാശയങ്ങൾക്ക് പകരം മതപൗരാണികതയിലും ഭൂതകാല ഗൃഹാതുരതയിലുമൂന്നിയ ഒരു രാഷ്ട്രസങ്കൽപ്പത്തെ അടിച്ചേൽപ്പിക്കുക, അഥവാ ഇവിടെ ഒരു 'ഹിന്ദു പാക്കിസ്ഥാൻ' ഉണ്ടാക്കിയെടുക്കുക എന്നതാണെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തിരിച്ചറിയാൻ പ്രബുദ്ധരായ വോട്ടർമ്മാർക്ക് കഴിയുന്നു എന്നത് പ്രധാനമാണ്. നമ്മളാഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാവരുടേതുമായ ഇന്ത്യയെ വീണ്ടെടുക്കുന്നതിനായുള്ള 'മോദി മുക്ത് ഭാരത്' എന്ന മുദ്രാവാക്യത്തിന്റെ ആരംഭം കൂടിയാണു ഡൽഹിയിൽ നിന്ന് കേട്ടുതുടങ്ങിയിരിക്കുന്നത്.

നമുക്ക് പ്രതീക്ഷയുണ്ട്; കാരണം ഇന്ത്യ എന്ന ആശയമുണ്ടായത് ഫോട്ടോഷോപ്പ് കണ്ടുപിടിക്കുന്നതിനും മുൻപാണ്.

(വി ടി ബൽറാം എംഎൽഎ ഫേസ്‌ബുക്കിൽ കുറിച്ചത്)