സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ വിമർശിച്ച് സൈബർ ലോകത്ത് താരമായ എംഎൽഎയാണ് വിടി ബൽറാം.

വിമർശനത്തിനൊപ്പം ചില ഓർമ്മപ്പെടുത്തലുകളും തൃത്താലയുടെ എംഎൽഎ നടത്തി. ഇതിനെല്ലാം വിമർശനങ്ങളുമെത്തി. എന്നാൽ അവയെല്ലാം ബൽറാമെന്ന രാഷ്ട്രീയ നേതാവിന് മുന്നോട്ട് പോകാനുള്ള കരുത്താണ് നൽകി. ബിജെപി നേതാവ് കെ സുരേന്ദ്രനുമായി അടുത്ത കാലത്ത് ഫെയ്‌സ് ബുക്കിലൂടെ നടത്തിയ ആശയ സംവാദമുൾപ്പെടെ പലതും ബൽറാമിനെ സോഷ്യൽ മീഡിയയിലെ പ്രധാനികളിൽ ഒരാളാക്കി. അങ്ങനെയിരിക്കെയായിരുന്നു സിപിഐ(എം) സെക്രട്ടറി പിണറായി വിജയനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ കിട്ടിയ കമന്റുകൾ കണ്ട് ബൽറാം ഞെട്ടി.

രാഷ്ട്രീയ എതിരാളികളെ സൈബർ ഇടത്തിൽ തെറിവിളിക്കരുതെന്ന തോമസ് ഐസക്കിന്റെ അഭിപ്രായം പോലും മുഖവിലയ്‌ക്കെടുക്കാതെയുള്ള കമന്റുകൾ. ഇത് സിപിഐ(എം) നേതൃത്വത്തിന്റെ ശ്രദ്ധയ്ക്ക് വിനയപൂർവ്വം സമർപ്പിക്കുകായണ് തൃത്താലയുടെ എംഎൽഎ. അതിനിടെ കോൺഗ്രസിനെ രക്ഷിക്കാൻ ബൽറാം നടത്തിയ മറ്റൊരു ശ്രമവും സിപിഐ(എം) സൈബർ പോരാളികൾ തുറന്നു കാട്ടി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരാൾ കൊല്ലപ്പെടുന്നു. അതിനെതിരെ പിണറായി പ്രതികരിക്കുന്നു.

അതിനെ കളിയാക്കിയുള്ള ബൽറാമിന്റെ പോസ്റ്റാണ് ആക്രമണത്തിന് ഇരായായത്. കളി കൈവിട്ടു പോയപ്പോൾ സിപിഐ(എം)-സിപിഐ പാർട്ടിയിലെ ഗ്രൂപ്പ് പോര് ആക്രമങ്ങളുടെ ചരിത്രം തിരക്കി ബൽറാം കോൺഗ്രസ് സുഹൃത്തുക്കളെ സഹായിച്ചെന്ന ആരോപണമാണ് സിപിഎമ്മുകാർ ആഘോഷമാക്കിയത്. ആരും അറിയാതെ മേസേജ് അയയ്ക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ അറിയാതെ ബൽറാമിന്റെ വാളിലാണ് അത് വീണതെന്നാണ് കളിയാക്കൽ.

അങ്ങനെ ആരോപണ പ്രത്യാരോപണങ്ങൾ സൈബർ ലോകത്ത് സജീവമാവുകയാണ്. വിട്ടുകൊടുക്കാൻ സിപിഐ(എം) സൈബർ പോരാളികൾ തയ്യാറല്ലെന്ന് ബൽറാം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ കരുതലോടെയാകും കോൺഗ്രസ് എംഎൽഎയുടെ അടുത്ത നീക്കം. പാർട്ടിക്കായി സൈബർ ലോകത്ത് ബൽറാം നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൽ പിന്തുണയുമായി ആരും എത്താറില്ല. അതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് പിണറായിയയ്‌ക്കെതിരെയും പോരാട്ടത്തിന് ഇറങ്ങിയത്.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇതോടൊപ്പമുള്ള നാൽപ്പതിലേറെ സ്‌ക്രീൻ ഷോട്ടുകളും ഫോട്ടോ കമന്റുകളും ആദരണീയനായ ഡോ. തോമസ് ഐസക്കിന് സമർപ്പിക്കുന്നു. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുൻ സി പി എം പാർട്ടി സെക്രട്ടറിയും ഇ.പി. ജയരാജനേപ്പോലുള്ളവരുടെ ഭാഷയിൽ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ശ്രീ. പിണറായി വിജയനെ വിമർശിച്ച് ഞാനിട്ട പോസ്റ്റിനോട് അനുബന്ധിച്ച് എന്റെ വാളിലും ഫേസ്‌ബുക്കിൽ പൊതുവെയും വന്നുനിറഞ്ഞ ഭീഷണികളും ഭരണിപ്പാട്ടുമാണിവ. പലതും പാർട്ടിയുടേയോ പോഷക സംഘടനകളുടേയോ പേരിൽ ഉണ്ടാക്കിയ അക്കൗണ്ടുകളിൽ നിന്ന് തന്നെയാണ്. ഇതിലും മോശപ്പെട്ട ഭാഷയിലുള്ളത് ഇനിയുമൊരുപാടുണ്ട്, വീണ്ടുമാവർത്തിക്കാൻ അറപ്പുതോന്നുന്നതുകൊണ്ട് ഞാനായിട്ട് ഒഴിവാക്കുന്നു. ഇതിവിടെ ഇടുന്നത് എന്റെ ഭാഗത്തുനിന്നുള്ള ഒരു പരാതി പറച്ചിലിന്റെ രൂപത്തിലല്ല, മറിച്ച് പാർട്ടിയുടെ പ്ലീനം തീരുമാനം ഓർമ്മപ്പെടുത്തിക്കൊണ്ട് സൈബറിടത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇടപെടേണ്ടതെങ്ങനെയാണെന്ന് ഈയിടെ അദ്ദേഹം നൽകിയ ഉപദേശങ്ങൾക്ക് സൈബർ സഖാക്കൾ എന്തുവില നൽകുന്നുവെന്ന് അദ്ദേഹത്തിനൊരു തിരിച്ചറിവ് ഉണ്ടാകുന്നതിന് വേണ്ടി മാത്രമാണ്. അതോടൊപ്പം ഞാനടക്കം എതിർപക്ഷത്തുള്ളവർപോലും ബഹുമാനിക്കുന്ന തരത്തിൽ ജൈവകൃഷിയിലൂടെയും മാലിന്യ നിർമ്മാർജ്ജന ഇടപെടലുകളിലൂടെയും ഏറ്റവുമൊടുവിൽ സീമാസിലെ സമര സഹായത്തിലൂടെയുമൊക്കെ പാർട്ടിക്ക് അദ്ദേഹമുണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന മനുഷ്യമുഖത്തിനപ്പുറം എത്രത്തോളം മനസ്സുകൊണ്ട് അക്രമോത്സുകരും അസഹിഷ്ണുക്കളുമായ ഒരാൾക്കൂട്ടത്തെയാണ് അദ്ദേഹത്തിന്റെ പാർട്ടി പേറുന്നതെന്നുകൂടി ജനാധിപത്യ കേരളം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന മത വർഗീയവാദിയും തങ്ങളുടെ പാർട്ടിക്കും നേതാക്കന്മാർക്കും ഒരിക്കലും തെറ്റുപറ്റില്ല എന്ന് കണ്ണടച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ അന്ധവിശ്വാസിയും തമ്മിൽ അടിസ്ഥാനപരമായി കാര്യമായ വ്യത്യാസമൊന്നുമില്ല. ഏതായാലും സി പി എം അണികൾക്ക് ചേർന്ന നേതാവ് ആരാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്.


ബാലരാമൻ, തൃത്താലയിലെ പ്രധാനമന്ത്രി എന്നിങ്ങനെ സമീപകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ ഉദയം ചെയ്ത വിശേഷണങ്ങൾ സൈബർ സംഘാക്കളും ആവർത്തിക്കുന്നതിൽ അത്ഭുതം തോന്നുന്നില്ല. സി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും, ദേഹത്ത് മണ്ണുപറ്റും, മൂക്കിൽ പഞ്ഞി വെപ്പിക്കും എന്നൊക്കെയുള്ള ഭീഷണികളും കോളേജ് കാലം തൊട്ട് തന്നെ എസ് എഫ് ഐയിൽ നിന്നും മറ്റും ഏതൊരു എതിർ രാഷ്ട്രീയക്കാരനും കേട്ട് പരിചയിക്കുന്നവ മാത്രമാണ്. എന്നാൽ അതിലുമപ്പുറം 'ചള്ള് ചെക്കൻ', 'തരത്തിൽ പോയി കളിക്ക്', 'നീ വളർന്നിട്ടില്ല' എന്നൊക്കെ മഹാഭൂരിപക്ഷം കമന്റുകളിലും ആവർത്തിക്കപ്പെടുന്നത് കാണുമ്പോഴാണ് സത്യത്തിൽ ആശ്ചര്യം തോന്നുന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ഒരു സാധാരണ പൗരനോ എതിർ രാഷ്ട്രീയക്കാരനായ മറ്റൊരാൾക്കോ വിമർശിക്കണമെങ്കിൽ അതിന്റെ മാനദണ്ഡം പ്രായമാണെന്ന സൈബർ സഖാക്കളുടെ അഭിപ്രായം സി പി എം ഔദ്യോഗികമാ!യി പങ്കുവെക്കുന്നുണ്ടോ എന്നറിയാൻ താത്പര്യമുണ്ട്. ഞാൻ വിമർശിച്ച രാഷ്ട്രീയ വ്യക്തിത്ത്വത്തിന്റെ പകുതിയോളം പ്രായമേ എനിക്കുള്ളൂ; അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളായിരിക്കില്ല സ്വാഭാവികമായി എന്റെ തലമുറയിൽപ്പെട്ടവർക്ക് ഉണ്ടാവുക, രാഷ്ട്രീയ മേഖലയിലാണെങ്കിലും മറ്റേതൊരു മേഖലയിലാണെങ്കിലും. അപ്പോൾപ്പിന്നെ പ്രാ!യത്തിൽ താഴെയുള്ളവർ വിമർശിക്കാറായിട്ടില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം പാർട്ടിക്കെതിരായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുതരില്ല എന്ന് തന്നെയല്ലേ? ഏതായാലും സി പി എമ്മിന്റെ നേതാക്കളുടെ ഗ്രേഡ് തിരിച്ച് അവരെ വിമർശിക്കാൻ വേണ്ട യോഗ്യതകളുടെ ഒരു മാനദണ്ഡപ്പട്ടിക പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ച് പ്രസിദ്ധപ്പെടുത്തിയാൽ പുറത്തുള്ളവർക്ക് അറിഞ്ഞുവെക്കുകയെങ്കിലും ചെയ്യാമായിരുന്നു. പാർട്ടി സ്ഥാപക നേതാവായ തൊണ്ണൂറുവയസ്സുകാരനെ പാർട്ടിക്കകത്ത് ക്രൂരമായി വിമർശിച്ച് വേട്ടയാടാൻ അദ്ദേഹം തന്നെ വളർത്തിക്കൊണ്ടുവന്ന പഴയ ശിഷ്യരാ!യ എഴുപതുകാർക്കും പുതിയ തലമുറയിലെ അപ്പുക്കുട്ടന്മാർക്കും യോഗ്യതയുണ്ടോ എന്ന കാര്യം ആഭ്യന്തര വിഷയമായതിനാൽ ഞങ്ങൾക്ക് അറിയാൻ താത്പര്യമില്ല.


കോൺഗ്രസ് ചരിത്രത്തിലിന്നേവരെ തെറ്റ് പറ്റാത്ത പാർട്ടിയാണെന്ന് ഞാനോ കോൺഗ്രസിലെ മഹാഭൂരിപക്ഷം പേരോ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളൊക്കെ ജനിക്കുന്നതിനും മുൻപുള്ളതോ രാജ്യത്തിന്റെ മറ്റേതെങ്കിലും പ്രദേശത്ത് നടന്നതോ ആയ ഏതെങ്കിലും അക്രമ സംഭവങ്ങളുടെ പേരിൽ, അത്തരം കാര്യങ്ങളെ പരസ്യമായി ന്യായീകരിക്കാത്തിടത്തോളം കാലം, മറുപടി പറയാൻ ഞങ്ങളാർക്കും ഒരു ബാധ്യതയുമില്ല. സിഖ് കൂട്ടക്കൊലയുടെ കാര്യത്തിൽ ക്രമസമാധാനം പാലിക്കാൻ കഴിയാത്ത ഭരണകൂടവീഴ്ചയുടെ പേരിൽ കോൺഗ്രസ് പാർട്ടി പരസ്യമായിത്തന്നെ മാപ്പു പറഞ്ഞിട്ടുണ്ട്. സ്വന്തം മാതാവ് ദാരുണമായി കൊല്ലപെട്ട വേദനയിലാണെങ്കിലും 'When a big േൃലe falls, the earth shakes' എന്ന് രാജീവ് ഗാന്ധി പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.

എന്നാൽ അതിനെ 'വന്മരങ്ങൾ വീഴുമ്പോൾ അടിയിലുള്ള ചെറുസസ്യങ്ങൾ ചതഞ്ഞരയുന്നത് സ്വാഭാവികമാണ്' എന്നൊക്കെ കയ്യിൽ നിന്ന് ഓരോരോ വാക്കുകൾ കൂട്ടിച്ചേർത്തി ചിലർ തർജ്ജമ ചെയ്യുന്നത് അത്ര നിഷ്‌ക്കളങ്കമായിട്ടല്ല എന്ന് പറയാതിരിക്കാനും വയ്യ. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് കോൺഗ്രസ്സിൽ ഇടമുണ്ടാവരുതെന്ന പുതിയ കാലത്തെ പ്രവർത്തകരുടെ വികാരം ഇക്കാര്യത്തിലും ആവർത്തിക്കുന്നതിൽ എനിക്ക് മടിയില്ല. ഇന്നും ഞാൻ എന്റെ പാർട്ടിയിലെ താരതമമ്യേന ജൂനിയറായ ഒരാൾ മാത്രമാണ്. ഒരു സംഘടനയുടെ പരിമിതികൾക്കകത്ത് പ്രവർത്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രവർത്തകനേയും പോലെ പുറത്തുള്ളവർ ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളിലും തുറന്ന അഭിപ്രായം പറയാൻ ആർക്കും കഴിയില്ലെങ്കിലും തെറ്റാണെന്ന് തോന്നുന്നതിനെ പരസ്യമായി ന്യായീകരിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ശ്രീ പിണറായി വിജയൻ കേരളത്തിലെ സി പി എമ്മിന്റെ പ്രമുഖ നേതാവായി നിറഞ്ഞുനിന്നിരുന്ന കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ അദ്ദേഹത്തിന്റെ അറിവിൽപ്പെട്ടതോ അദ്ദേഹം പരസ്യമായിത്തന്നെ ന്യായീകരിച്ചതോ ആയ രാഷ്ട്രീയ അക്രമങ്ങളുടെ കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ അവരുടെ വായടപ്പിക്കാൻ വേണ്ടി ഞങ്ങളൊക്കെ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നടന്ന സിഖ് കൂട്ടക്കൊലയോ തൊണ്ണൂറുകളിലോ മറ്റോ നടന്ന ഏതെങ്കിലും അക്രമങ്ങളുമോ അല്ല ഇവിടെ പകരമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടത് എന്ന മിനിമം യുക്തിയെങ്കിലും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണെങ്കിൽ കമ്യൂണിസ്റ്റുകൾ സാർവ്വദേശീയതയുടെ വക്താക്കളാണല്ലോ. അതിനാൽ ഡൽഹിയിൽ മുപ്പത് വർഷം മുൻപ് നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് ഇന്ന് കേരളത്തിലെ കോൺഗ്രസ്സുകാർ മറുപടി പറയണമെന്ന മട്ടിൽ വികലവാദങ്ങൾ ഉയർത്തിയാൽ അതേമട്ടിൽ സ്റ്റാലിനും മാവോയും പോൾപോട്ടും തൊട്ട് ഇപ്പോൾ കിം ജോംഗ് ഉൻ വരെയുള്ള കമ്യൂണിസ്റ്റുകൾ ലോകമെമ്പാടും നടത്തിയ അതിലുമെത്രയോ വലിയ കൂട്ടക്കൊലകൾക്ക് കേരളത്തിലെ ലോക്കൽ സഖാക്കൾ മറുപടി പറയേണ്ടി വരും.
നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആണെന്നും അതിനാൽ വിമർശനാതീതനാണെന്നുമുള്ള സൈബർ സംഘികളുടെ മനോഭാവവും പഴയകാലത്തെ 'ത്യാഗോജ്ജ്വല' പ്രവർത്തനങ്ങളുടെ പേരിൽ സി പി എം നേതാക്കളെ ഇന്ന് ആരും വിമർശിക്കരുതെന്ന സൈബർ സഖാക്കളുടെ ശാഠ്യവും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിച്ച് തരാൻ കഴിഞ്ഞുവെന്ന് വരില്ല എന്ന് വിനയപൂർവം ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തുന്നു. ആളെക്കൂട്ടി ആർത്തലച്ചുകൊണ്ടുള്ള നിങ്ങളുടെ ആസൂത്രിത പൊങ്കാലകൾക്കിടയിലും സഖാവ് സൈതാലിയുടെ ഘാതകർ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നതും ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.
:
::വിരാമതിലകം:

ഈ പോസ്റ്റിന്റെ പേരിൽ വരാനിരിക്കുന്ന പുതിയ തെറികളും ബന്ധപ്പെട്ടവർക്ക് മുൻകൂറായി സമർപ്പിക്കുന്നു.

 

ഇതോടൊപ്പമുള്ള നാൽപ്പതിലേറെ സ്ക്രീൻ ഷോട്ടുകളും ഫോട്ടോ കമന്റുകളും ആദരണീയനായ ഡോ. തോമസ് ഐസക്കിന് സമർപ്പിക്കുന്നു. അക്രമരാഷ...

Posted by VT Balram on Wednesday, August 12, 2015