- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ്‌ക്കാരികം എന്നെഴുതിയതിലെ അക്ഷരത്തെറ്റ് കാര്യമാക്കുന്നില്ല.. മഞ്ഞക്കണ്ണടയിലൂടെ എല്ലാം നോക്കിക്കാണരുത്? എറണാകുളത്തെ കെഎസ്‌യുക്കാർക്ക് ബൽറാമിന്റെ തുറന്ന കത്ത്
എറണാകുളത്തെ കെഎസ്‌യുക്കാർക്ക് വി ടി ബൽറാമിന്റെ തുറന്ന കത്ത്. ഫേസ്‌ബുക്കിലാണ് വി ടി ബൽറാം കത്ത് പ്രസിദ്ധീകരിച്ചത്. മഹത്തായ ഒരു വിദ്യാർത്ഥി സംഘടനയുടെ പേർ അറുപിന്തിരിപ്പൻ വർഗ്ഗീയ, സാമുദായിക സംഘടനകളുടേതിനോടൊപ്പം ചേർത്ത് വായിക്കാനിടവരുന്നത് പഴയകാല കെ എസ് യു പ്രവർത്തകർ എന്ന നിലയിൽ ഉൾക്കൊള്ളാനാകുന്നില്ലെന്ന് കത്തിൽ ബൽറാം പറയുന്നു.
എറണാകുളത്തെ കെഎസ്‌യുക്കാർക്ക് വി ടി ബൽറാമിന്റെ തുറന്ന കത്ത്. ഫേസ്‌ബുക്കിലാണ് വി ടി ബൽറാം കത്ത് പ്രസിദ്ധീകരിച്ചത്. മഹത്തായ ഒരു വിദ്യാർത്ഥി സംഘടനയുടെ പേർ അറുപിന്തിരിപ്പൻ വർഗ്ഗീയ, സാമുദായിക സംഘടനകളുടേതിനോടൊപ്പം ചേർത്ത് വായിക്കാനിടവരുന്നത് പഴയകാല കെ എസ് യു പ്രവർത്തകർ എന്ന നിലയിൽ ഉൾക്കൊള്ളാനാകുന്നില്ലെന്ന് കത്തിൽ ബൽറാം പറയുന്നു. ചുംബനസമരത്തിനെത്തിയവരെ എതിർത്ത് എബിവിപി, യുവമോർച്ച, കെഎസ്‌യു, ശിവസേന, എസ്വൈഎസ്, എസ്‌കെഎസ്എസ്എഫ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ പ്രകടനം നടത്തിയ വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ബൽറാമിന്റെ പ്രതികരണം.
പ്രിയ കെഎസ്‌യു സഹപ്രവർത്തകരേ,
'മൂന്ന് മണിക്ക് എബിവിപി, യുവമോർച്ച, കെഎസ്‌യു, ശിവസേന, എസ്വൈഎസ്, എസ്‌കെഎസ്എസ്എഫ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ സമരസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം തുടങ്ങി'. ഒരു പ്രധാന ദിനപത്രത്തിലെ ഇന്നത്തെ ഒന്നാം പേജ് വാർത്തയിൽ ഇങ്ങനെ വായിക്കാനിടവന്നതിന്റെ ദുഃഖവും നിരാശയുമാണു എന്നേക്കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിക്കുന്നത്. അരനൂറ്റാണ്ടിലേറെക്കാലം വിദ്യാർത്ഥികളുടെ അവകാശസംരക്ഷണത്തിനായുള്ള ധീരോദാത്തമായ നിരവധി പോരാട്ടങ്ങളോടൊപ്പം നാടിന്റെ സാമൂഹികമാറ്റത്തിനായുള്ള വിപ്ലവകരമായ മുദ്രാവാക്യങ്ങളുമുയർത്തി ക്യാമ്പസുകളെ ത്രസിപ്പിച്ച് മുന്നോട്ടുപോയ മഹത്തായ ഒരു വിദ്യാർത്ഥി സംഘടനയുടെ പേർ അറുപിന്തിരിപ്പൻ വർഗ്ഗീയ, സാമുദായിക സംഘടനകളുടേതിനോടൊപ്പം ചേർത്ത് വായിക്കാനിടവരുന്നത് പഴയകാല കെ എസ് യു പ്രവർത്തകർ എന്ന നിലയിൽ എന്നേപ്പോലുള്ള അനേകായിരം പേർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെന്ന കാര്യം പുതുതലമുറയിൽപ്പെട്ട നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണു എന്റെ പ്രതീക്ഷ.
ചുംബനസമരം ഒരു പ്രതീകാത്മകമായ സമരം മാത്രമാണെന്ന് ദയവായി മനസ്സിലാക്കുക. അതിന്റെ എല്ലാ പരിമിതികൾക്കകത്തും യഥാർത്ഥത്തിൽ ഇതൊരു ഫാഷിസ്റ്റ് വിരുദ്ധ സമരം തന്നെയാണു. ഒരുപക്ഷേ 'സദാചാരപ്പൊലീസിങ് വിരുദ്ധ സമര'മെന്നോ മറ്റോ പേരിട്ടിരുന്നെങ്കിൽ ഇതിത്രകണ്ട് എതിർപ്പുകൾ സൃഷ്ടിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ഏതായാലും സമരത്തെ എതിർക്കുന്നവരേക്കൊണ്ട് പോലും 'ഞങ്ങളും സദാചാരപ്പൊലീസിനു എതിരാണു' എന്ന് വാചികമായെങ്കിലും പറയിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണീ സമരത്തിന്റെ ഏറ്റവും വലിയ നേട്ടം. നിങ്ങളെയൊക്കെ ഒരുപാട് അരിശം കൊള്ളിച്ച 'പരസ്യചുംബനം' എന്ന സമരരൂപത്തിന്റെ പ്രകോപനപരത ഒന്നുകൊണ്ട് മാത്രമാണു ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹവും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സദാചാരപ്പൊലീസ് എന്ന ജനാധിപത്യവിരുദ്ധ സാമൂഹിക പ്രവണതക്കെതിരെ മടിച്ചുമടിച്ചാണെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ തയ്യാറായത് എന്ന് നമ്മിലേക്ക് തന്നെ ആഴ്ന്നിറങ്ങി പരിശോധിച്ചാൽ മനസ്സിലാവും. സമരം ചെയ്യുന്നവരെ ആഭാസന്മാരായും ഞരമ്പുരോഗികളായുമൊക്കെ ചിത്രീകരിക്കുന്നവർക്ക് ഒരുപക്ഷെ ഇത് മനസ്സിലാകണമെന്നില്ല. എന്നാൽ വ്യക്തിസ്വാതന്ത്ര്യങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു ലിബറൽ ജനാധിപത്യം ഇന്ത്യക്കുണ്ടാവണമെന്ന് ആഗ്രഹിച്ച ഭരണഘടനാസ്രഷ്ടാക്കളുടെ രാഷ്ട്രീയ പൈതൃകം പിൻപറ്റുന്ന കോൺഗ്രസ്സിലെ പുതുതലമുറക്ക് ഈ തിരിച്ചറിവ് അനിവാര്യമാണു. മതബോധത്തിലധിഷ്ഠിതമായ മഞ്ഞക്കണ്ണട കൊണ്ടല്ല, ഭരണഘടനാ മൂല്ല്യങ്ങളെ നെഞ്ചേറ്റുന്ന പൗരത്വബോധത്തിലൂടെയാണു കോൺഗ്രസ്സിലെ യുവത ഈ സമൂഹത്തെ നോക്കിക്കാണേണ്ടത്.
ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവങ്ങളിലും പ്രതീകാത്മക സമരങ്ങൾ നാമേറെ കണ്ടവരാണു. നിലനിൽക്കുന്ന സദാചാര സമവായങ്ങളേയും സാംസ്‌ക്കാരിക പൊതുബോധങ്ങളേയും നേർക്കുനേർ നിന്ന് തുറന്നെതിർത്തുകൊണ്ടാണു അത്തരം പുതു പ്രതീകങ്ങളെ നമ്മൾ സമരായുധങ്ങളാക്കി മാറ്റിയത്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാത്തിനും മേൽ കനത്ത നികുതികൾ അടിച്ചേൽപ്പിച്ച സാമ്രാജ്യത്ത ധിക്കാരത്തിനെതിരെ നമ്മുടെ രാഷ്ട്രപിതാവ് നടത്തിയത് നേരിട്ട് കടലുപ്പ് കുറുക്കുന്ന പ്രതീകാത്മക സമരമാണു. ബ്രാഹ്മണ്യത്തിന്റെ മൂല്ല്യവ്യവസ്ഥളെ തുറന്നെതിർക്കാൻ ശ്രീനാരായണ ഗുരുവും തേടിയത് അരുവിപ്പുറത്ത് 'ഈഴവശിവ'നെ പ്രതിഷ്ഠിക്കുന്ന പ്രതീകാത്മകതയേത്തന്നെയാണു. ഇതൊക്കെ നിയമപരമാണോ, നാട്ടിൽ നിലനിൽക്കുന്ന ആചാരങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും എതിരല്ലേ എന്ന സ്ഥിരം ചോദ്യങ്ങൾ അന്ന് ഗാന്ധിജിയും ഗുരുവുമൊക്കെ നേരിട്ടിരുന്നു. എന്നാൽ അങ്ങനെയാണെങ്കിൽ ആ നിയമങ്ങളും ആചാരസംഹിതകളും മാറ്റിയെഴുതി പുതിയ സമൂഹത്തെ സൃഷ്ടിക്കാനായിരുന്നു അവരതിനു മറുപടിയായി ആഹ്വാനം ചെയ്തത്.
'ആരെടാ..?' എന്ന ചോദ്യത്തിനോടുള്ള പ്രതികരണം രണ്ട് രീതിയിലാവാം. ഒന്നുകിൽ 'ഞാനാണു സർ' എന്ന് വിനീതവിധേയമനസ്സോടെ ഉത്തരം നൽകാം, അല്ലെങ്കിൽ നിവർന്നുനിന്ന് 'ഞാനെടാ' എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി നൽകാം. ആദ്യത്തെ പ്രതികരണം ചോദ്യകർത്താവിനു ധൈര്യം പകരുന്നു, വീണ്ടും ആ ചോദ്യം പലരോടായി പലയിടത്തായി പലതവണയായി ആവർത്തിക്കാനുള്ള വീര്യം നൽകുന്നു. എന്നാൽ രണ്ടാമത്തേത് ചോദ്യകർത്താവിന്റെ മുഖമടച്ചുള്ള മറുപടിയാണു. പിന്നീടതാവർത്തിക്കാൻ തോന്നാത്തവണ്ണം ചോദ്യകർത്താവിനെ നിസ്‌തേജനാക്കുന്ന ആർജ്ജവമാണത്. സദാചാരഗുണ്ടകൾക്കെതിരായ ചുംബനസമരം ഇതിൽ രണ്ടാമത്തെ ഗണത്തിലാണു പെടുന്നത്. 'റസ്റ്റോറന്റിൽ ചുംബിക്കരുത്' എന്ന ഫാഷിസ്റ്റിന്റെ സദാചാരതിട്ടൂരത്തോട് 'എനിക്കും എന്റെ പങ്കാളിക്കും ഇഷ്ടമാണെങ്കിൽ നടുറോട്ടിലും ചുംബിക്കും, നീയാരാണു അത് ചോദിക്കാൻ? ' എന്നല്ലാതെ പിന്നെ എങ്ങനെയാണു മറുപടി നൽകേണ്ടത്?
ചുംബനസമരത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങൾ നടത്തിയ ബദൽ സമരത്തിന്റെ പ്ലക്കാർഡുകളിൽ 'സാംസ്‌ക്കാരികം' എന്ന് അക്ഷരത്തെറ്റ് കൂടാതെ എഴുതാൻ പോലും കഴിഞ്ഞില്ലെന്നത് ഞാനേതായാലും കാര്യമാക്കുന്നില്ല. എന്നാലും സമരത്തിനായി തെരഞ്ഞെടുത്ത പ്രതീകങ്ങളെ സംബന്ധിച്ച സാംസ്‌ക്കാരിക വായനകൾ പ്രസക്തമാണെന്ന് തോന്നുന്നു. കേരളീയ സംസ്‌ക്കാരമെന്നാൽ സെറ്റ് സാരിയും ചന്ദനക്കുറിയും മുല്ലപ്പൂവും വായ് മൂടിക്കെട്ടി മിണ്ടാനവകാശം നിഷേധിക്കപ്പെട്ട സ്ത്രീജന്മങ്ങളുമൊക്കെയാണെന്ന് നിങ്ങളും പറയാതെ പറയുമ്പോൾ അത് ഇന്നത്തെ കേരളത്തിന്റെ സ്വഭാവമായ ചരിത്രബോധമില്ലായ്മയുടേയും സവർണ്ണ പൊതുബോധങ്ങളുടേയും ആവർത്തനം മാത്രമാവുന്നു എന്നത് ഒരു വിദ്യാർത്ഥിപ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു സാംസ്‌ക്കാരിക ദുരന്തമാണ്.
തന്റെ ശരികളിലൂടെയാണു മറ്റുള്ളവരും നടക്കേണ്ടതെന്നും അങ്ങനെയല്ലാത്തവരെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള മനോഭാവം ഫാഷിസത്തിന്റേതാണു, ജനാധിപത്യത്തിന്റേതല്ല. അതുകൊണ്ടുതന്നെ ഏതൊരു സദാചാരവാദിയുടേയും ഉള്ളിൽ ഒരു പൊട്ടൻഷ്യൽ ഫാഷിസ്റ്റ് ഉണ്ടെന്നും ഭൂരിപക്ഷവും അധികാരവും നൽകുന്ന അനുകൂലസാഹചര്യങ്ങൾക്കായി അത് കാത്തിരിക്കുകയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ശിവസേനക്കും യുവമോർച്ചക്കും ക്യാമ്പസ് ഫ്രണ്ടിനുമൊക്കെ ഒരേ ശബ്ദമാവുന്ന ഇന്നത്തെ കേരളം ഫാഷിസത്തിന്റേതായ അത്തരം അനുകൂലസാഹചര്യങ്ങളെയാണു നമുക്ക് ചുറ്റും രൂപപ്പെടുത്തികൊണ്ടിരിക്കുന്നത്. ആ വിശാലമുന്നണിയുടെ ഭാഗമായി നമ്മുടെ വിദ്യാർത്ഥിപ്രസ്ഥാനം മാറുന്നത് സ്വയമേവ മാത്രമല്ല, ഈ നാടിനെ സംബന്ധിച്ചിടത്തോളവും ആത്മഹത്യാപരമാണു എന്ന് നിങ്ങൾ ദയവായി തിരിച്ചറിയണം.
സ്‌നേഹാഭിവാദനങ്ങൾ
വി ടി ബൽറാം.