കൊച്ചി: മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും ജീവിച്ചിരുന്നെങ്കിൽ അവരും ചുംബന സമരത്തെ അനുകൂലിക്കുമായിരുന്നുവെന്ന് കോൺഗ്രസിന്റെ യുവ എംഎൽഎ വി ടി ബൽറാം. ഭാരതീയ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് ആർഎസ്എസുകാരൻ കണ്ണുരുട്ടുമ്പോഴേക്കും 'എന്നാൽ ശരി, സംസ്‌കാരം സംരക്ഷിക്കാൻ ഞങ്ങളും കൂടിയേക്കാം' എന്ന മട്ടിൽ പേടിച്ച് കീഴടങ്ങേണ്ട കാര്യമൊന്നും കോൺഗ്രസ്സിനില്ലെന്നും ബൽറാം വ്യക്തമാക്കുന്നു. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്കുള്ള മറുപടിയായി ഫേസ്‌ബുക്കിലാണ് വി ടി ബൽറാമിന്റെ പോസ്റ്റ്.

സദാചാര പൊലീസിങ്ങിനെതിരെ വർഗീയ ഫാസിസ്റ്റുകൾ ഒന്നിക്കുമ്പോൾ അവർക്കൊപ്പം നീങ്ങേണ്ടവരല്ല കോൺഗ്രസും കെഎസ്‌യുവുമെന്ന് വിശദീകരിച്ചാണ് ബൽറാമിന്റെ പുതിയ എഫ്ബി പോസ്റ്റ്. കൊച്ചിയിലെ കിസ് ഓഫ് ലവ് സമരത്തിനെ കെഎസ്‌യുവും ടിറ്റോയുടെ നേതൃത്വത്തിൽ എതിർത്തിരുന്നു. പ്രതിഷേധങ്ങളിലും പങ്കെടുത്തു.

ഇതിനെതിരെ ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. എന്നാൽ, ബൽറാമിനെ അഭിനവ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് ചുംബന സമരത്തിനെതിരെ ടിറ്റോ എഫ്ബിയിൽ നിലപാട് വിശദീകരിച്ചിരുന്നു.

മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബൽറാമിനെ പരിഹസിച്ചായിരുന്നു ടിറ്റോയുടെ പോസ്റ്റ്. എറണാകുളത്തെ ചുംബനത്തെ അനുകൂലിച്ച് തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകുമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനാണ് പുതിയ പോസ്റ്റിൽ ബൽറാം മറുപടി നൽകുന്നത്. കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടിറ്റോ പ്രതിഷേധം സംഘടിപ്പിച്ചതിനേയും എതിർക്കുന്നു. സമരരൂപമല്ല, സമരം ചെയ്യാനുള്ള അവകാശ സംരക്ഷണമാണു പ്രധാനമെന്ന കാര്യത്തിലാണ് താൻ പരസ്യമായ നിലപാടെടുത്തതെന്നാണ് ബൽറാമിന്റെ മറുപടി. അത് മറ്റുള്ളവരോടൊപ്പം തൃത്താലയിലെ ജനങ്ങളും കാണുകയും കേൾക്കുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും എംഎൽഎ പറയുന്നു.