തിരുവനന്തപുരം: ഏത് വമ്പനെ ആയാലും സോഷ്യൽ മീഡിയയിൽ ട്രോളി ശരിയാക്കുന്ന കാര്യത്തിൽ യാതൊരു കുറവുമില്ല. ഇ പി ജയരാജന്റെ ഊഴത്തിന് ശേഷം ഇത്തവണ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തലശ്ശേരിയിൽ ദളിത് വിഷയത്തിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് നേരെ സിറിയയിലെ ജന്മനാട്ടിലുണ്ടായ ചാവേറാക്രമണത്തിൽ അപലപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നത്. സ്വന്തം നാട്ടിലുണ്ടായ കാര്യങ്ങൾ അറിയാതെ സിറിയയിലെ കാര്യങ്ങളിൽ ദേശീയ നേതാക്കൾ പോലും പ്രതികരിക്കും മുമ്പ് പിണറായി പ്രതികരിച്ച നടപടിയാണ് കടുത്ത ട്രോളിംഗിന് ഇരയായത്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ തന്നെ കടുത്ത വിമർശനങ്ങളായി കമന്റുകൾ വന്നുപതിച്ചു. സ്വന്തം നാട്ടിൽ രണ്ടു ദളിത് സ്ത്രീകളെ കള്ളക്കേസിൽ കേസിൽ കുടുക്കി ജയിൽ അടച്ചു, ഒരു സഹോദരിയെ മാദ്ധ്യമങ്ങൾ വഴി പലരും അധിക്ഷേപിക്കുകയും ചെയ്തു, സ്വന്തം നാട്ടിൽ നടന്ന കാര്യം അറിയാതെ ഇരിക്കുകയും, സിറിയയിൽ നടന്ന കാര്യം അപലപിക്കുകയും ചെയ്യുന്നതിൽ ഉള്ള യുക്തി മനസ്സിലാകുന്നില്ലെന്നാണ് ഫേസ്‌ബുക്കിലെ പിണറായിയുടെ പോസ്റ്റിന് കീഴിൽ ഒരാൾ കമ്മന്റ് ഇട്ടിരിക്കുന്നത്. മൂക്കിന് താഴെ നടക്കുന്ന സംഭവങ്ങൾ അറിയാത്ത മുഖ്യന് സിറിയയിൽ നടന്ന സംഭവത്തിൽ നടുക്കമെന്നാണ് മറ്റൊരാളുടെ പരിഹാസം. മുൻ മുഖ്യൻ ഉമ്മൻ ചാണ്ടി ഒന്ന് തുമ്മിയാൽ അതിന്റെ വിശദീകരമം ആവശ്യപ്പെട്ടിരുന്ന താങ്കൾക്ക് ഇപ്പോൾ വിശദീകരണം കേൾക്കുന്നത് അലർജിയാണോയെന്ന് വേറൊരാൾ ചോദിക്കുന്നു.

നേരത്തെ കണ്ണൂരിൽ സിപിഐഎമ്മിന്റെ ജാതിയധിക്ഷേപം നേരിട്ട പെൺകുട്ടികൾ ഓഫീസ് ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് തനിക്കൊന്നും അറിയില്ലെന്നും കാര്യങ്ങൾ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നുമായിരുന്നു പിണറായിയുടെ മറുപടി. രണ്ടാംദിവസവും ചോദ്യം ഉയർന്നപ്പോൾ ഇക്കാര്യത്തിലൊന്നും പറയാനില്ല, അതൊക്കെ പൊലീസിനോട് ചോദിച്ചാൽ മതിയെന്ന ഉദാസീനമായ മറുപടിയാണ് കിട്ടിയത്.

എന്നാൽ സിറിയയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പിണറായി ഉത്കണ്ഠ രേഖപ്പെടുത്തി. ഇതാണ് ഏവരെയും ചൊടിപ്പിച്ചത്. പോസ്റ്റിന് കീഴിൽ മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും പിന്തുണച്ചും കമന്റുകൾ നിറയുകയാണ്.

സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ എന്ന് പറയാൻ വേണ്ടുന്ന അത്രയും സമയം പോരെ മുഖ്യമന്ത്രി സാർ കണ്ണൂരിലെ ദളിത് പീഡനം അപലപിക്കാനെന്നാണ് ഒരു ചോദ്യം. മറ്റൊരു കമന്റിൽ കേരളത്തിൽ നടന്ന സംഭവം അറിഞ്ഞില്ലെന്ന് പറയുകയും അങ്ങുദൂരെ സിറിയയിൽ നടന്ന വെടിവെപ്പ് നിമിഷനേരംകൊണ്ട് അറിഞ്ഞ് ശക്തമായി അപലപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ആ വലിയ മനസുണ്ടല്ലോ അതാണ് നിങ്ങൾ കാണാതെപോയതെന്നും എനിക്ക് സിറിയയിൽ നടന്ന അക്രമത്തെകുറിച്ചല്ലേ അറിയൂ, കേരളത്തിലേത് അറിയൂലല്ലോ എന്ന് പരിഹസിക്കുന്നു. മുഖ്യമന്ത്രിയെ പിന്തുണയ്ച്ചും കമന്റുകൾ നിരവധിയുണ്ട.

അതസമയം മുഖ്യമന്ത്രിയെ ശരിക്കും ട്രോളിക്കൊണ്ടാണ് കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബൽറാമിന്റെ കളിയാക്കിൽ ഇങ്ങനെയാണ്: തലശ്ശേരി പോലുള്ള വിഷയങ്ങളിൽ ഞാനെന്തിന് പ്രതികരിക്കണം. അതൊക്കെ വല്ല തുക്കടാ പൊലീസുകാരും മറുപടി പറയേണ്ട ചീള് കാര്യങ്ങളല്ലേ. ഞാൻ സിറിയയിലെ കാര്യത്തിൽ അഭിപ്രായം പറയുന്നുണ്ടല്ലോ. അതല്ലേ ഹീറോയിസം.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റും അതിന് മറുപടിയായി നിതിൻ തോമസ് എന്നൊരാൾ എഴുതിയ കമന്റും ചേർത്താണ് വി ടി ബൽറാം പോസ്റ്റിട്ടിരിക്കുന്നത്. മണിക്കൂറുകൾക്കകം ആയിരക്കണത്തിന് പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തു. നാന്നൂറോളം പേർ ഷെയർ ചെയ്തു. ഈ വിഷയത്തിൽ ബൽറാം ഇടുന്ന ആദ്യത്തെ പോസ്റ്റല്ല ഇത്. നേരത്തെ, തലശ്ശേരി കുട്ടിമാക്കൂൽ വിഷയത്തിൽ കേരളീയ പൊതുസമൂഹത്തോട് താൻ നേരിട്ടൊന്നും പറയേണ്ടതില്ലെന്നും അവിടത്തെ ലോക്കൽ സബ് ഇൻസ്പെക്റ്ററോ മറ്റ് പൊലീസുകാരോ വിശദീകരിക്കേണ്ട ഗൗരവമേ വിഷയത്തിനുള്ളൂ എന്നുമാണോ ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നത് - എന്നും എം എൽ ചോദിച്ചിരുന്നു.