തിരുവനന്തപുരം: ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളിക്കൊണ്ട് വിടി ബൽറാം ഒരു പോസ്റ്റിട്ടിരുന്നു. ഫസ്റ്റ് വിക്കറ്റ് വീണോ എന്നായിരുന്നു പോസ്റ്റ്. എന്തായാലും അന്നിട്ട് ഈ ട്രോളിന്റെ പേരിൽ വി ടി ബൽറാമമിനെതിരെ ട്രോളുകളുടെ ബഹളമാണ് ഇപ്പോൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിലെ ആദ്യ വിധി വന്നതോടെയാണ് സോഷ്യൽ മീഡിയ ബൽറാമിനോട് കണക്കു തീർത്തത്.

വിടി ബൽറാം എംഎൽഎയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെത്തിയാണ് ട്രോളുകാരുടെ വിലസൽ. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് കീഴെയുള്ള കമന്റ് ബോക്‌സുകളിൽ വിമർശന സ്വരത്തിലുള്ള പരിഹാസ പ്രതികരണങ്ങൾ നിറയുന്നു. ബന്ധുനിയമന വിവാദത്തിൽ ഇപി ജയരാജൻ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ സന്ദർഭത്തിൽ ബൽറാം ഫേസ്‌ബുക്കിലിട്ട പോസ്റ്റുകളാണ് ഇപ്പോൾ തിരിഞ്ഞുകൊത്താൻ വിമർശകർ ആയുധമായിരിക്കുന്നത്.

'മുൻ ക്യാപ്റ്റൻ ക്ലീൻ ബൗൾഡായത് അറിഞ്ഞില്ലേ, ഇനിയെങ്കിലും ക്രീസ് വിടാൻ അദ്ദേഹത്തോട് പറയാമോ?' എന്ന് ഒരാൾ ബൽറാമിനോട് ചോദിച്ചിരിക്കുന്നു. 'ഉമ്മൻ ചാണ്ടിയോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ധൈര്യമോ ധാർമികതയോ സത്യസന്ധതയോ താങ്കൾക്കുണ്ടോ?' എന്നാണ് മറ്റൊരു യൂസറുടെ ചോദ്യം. 'ഉമ്മൻ ചാണ്ടിയുടെ വിക്കറ്റ് വീണു...ഒരു പോസ്റ്റ് ഇടൂ' എന്ന് പരിഹസിച്ചിരിക്കുന്നു മറ്റൊരാൾ. ഇതുകൂടാതെ നിരവധി ഫോട്ടോ കമന്റുകളും ബൽറാമിനെ വിമർശിക്കാൻ പലരും കമന്റ് ബോക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.