തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാർത്ഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ പരാതി നൽകി. രണ്ട് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

കോർപ്പറേഷനിലെ പൂജപ്പുര വാർഡിലാണ് വി.വി രാജേഷ് മത്സരിക്കുന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും വോട്ടർ പട്ടികളിലാണ് രാജേഷ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് വോട്ടർ പട്ടികളുടെയും പകർപ്പ് സിപിഐ പുറത്തുവിട്ടു. വിവരം മറച്ചുവച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

നെടുമങ്ങാട് വി.വി രാജേഷിന്റെ കുടുംബവീട് ഉൾപ്പെടുന്ന 16-ാം വാർഡിലെയും തിരുവനന്തപുരം കോർപ്പറേഷനിൽ വഞ്ചിയൂർ വാർഡിലെയും വോട്ടർ പട്ടികയിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം നെടുമങ്ങാട് നിന്ന് വഞ്ചിയൂരിലേക്ക് താമസം മാറുമ്പോൾ തന്നെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ കത്ത് നൽകിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.