പത്തനംതിട്ട: കോവിഡ് വാക്‌സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് ചികിത്സയിൽ കഴിയവെ മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് ദിവ്യ ഗുരുതരാവസ്ഥയിൽ ആയത് സംബന്ധിച്ച് ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് പരാതി നൽകിയിരുന്നു.

പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറിയിരുന്നു. രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്‌സീൻ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തിയിരുന്നു. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിൽ കുടുംബം ആശങ്കയിലായിരുന്നു. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്‌സീനെ തുടർന്നുള്ള പ്രശ്‌നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.