- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ നിബന്ധനയിൽ ഇളവു നൽകിയേക്കും; ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യും
കുവൈത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ നിബന്ധനയിൽ ഇളവു നൽകിയേക്കും. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കുംകോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് പതിനാലു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിബന്ധനയിൽ ഇളവ് നൽകാനാണ് ആലോചിക്കുന്നത്.
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിർദേശമാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്.വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്നൊഴിവാക്കണമെന്ന് പാർലമെന്റിലും നിർദ്ദേശം ഉയർന്നിരുന്നു. വിവിധ രാജ്യങ്ങൾ വാക്സിൻ സ്വീകരിച്ചവർക്ക് സമാനമായ ഇളവുകൾ നൽകിയിട്ടുണ്ട്.
സ്വന്തം ചെലവിൽ ചികിത്സക്കായി വിദേശത്ത് പോയ കുവൈത്തികൾ, 60 വയസ്സിന് മുകളിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടു നേരിടുന്ന പരസഹായം ആവശ്യമുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ സഹായി എന്നിവർക്ക് ഇളവ് നൽകണമെന്ന ശുപാർശയും ആരോഗ്യ മന്ത്രാലയത്തിന് മുന്നിലുണ്ട്.
വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ കമ്മിറ്റി കുവൈത്ത് വിമാനത്താവളത്തിലെത്തിയ കോവിഡ് കേസുകൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അതിനിടെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഊർജ്ജിതമാക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെ തുറന്ന് പ്രവർത്തിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഇതുവരെ നാലര ലക്ഷം പേരാണ് കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.