ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആശങ്ക ഉയർത്തുന്നതിനിടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നീക്കം. പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സീൻ വിതരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഏപ്രിൽ ഒന്നാം തീയതി മുതൽ 30 വരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസവും വാക്‌സീൻ വിതരണം തടസ്സപ്പെടരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

ഇതോടെ ദുഃഖ വെള്ളി, ഈസ്റ്റർ, വിഷു, മഹാവീര ജയന്തി ദിവസങ്ങളിലും വാക്‌സീൻ ലഭ്യമാകും. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് അതിവേഗം വാക്‌സീൻ നൽകാനാണ് നീക്കം.

നാൽപ്പത്തിയഞ്ചു വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുന്ന, വാക്സിനേഷൻ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. നിലവിൽ അവധി ദിവസങ്ങളിൽ വാക്സിൻ നൽകുന്നില്ല..

കോവിഡ് വാക്‌സിനേഷന്റെ വേഗതയിലും കവറേജിലും ദ്രുതഗതിയിലുള്ള വർധനവ് ഉറപ്പാക്കുന്നതിന് എല്ലാ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ മാർച്ച് 31ന് കേന്ദ്രം സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായി ചർച്ച നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. പ്രതിരോധ കുത്തിവയ്പ് പ്രവർത്തനങ്ങൾ ഉന്നത തലത്തിൽ പതിവായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുന്നതും തുടരുകയാണ്

ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സീൻ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്സീനെടുക്കാൻ എത്തുന്നതാണ് നല്ലതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈൻ രജിസ്റ്റ്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.

45 ദിവസം കൊണ്ട് 45 വയസിന് മേൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീൻ നൽകുന്നതിനായി വരും ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വാക്സീനുകൾ സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബറിനുശേഷം ഒരു ദിവസത്തെ എറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,22,21,665 ആയി. കഴിഞ്ഞ ഒക്ടോബർ 11ന് 74,383 കേസുകളാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.

459 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,62,927 ആയി. 116 ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. നിലവിൽ 5,84,055 സജീവ രോഗികളുണ്ട്. ഫെബ്രുവരി 12ന് സജീവ രോഗികളുടെ എണ്ണം 1,35,926 ആയി കുറഞ്ഞിരുന്നു. രോഗമുക്തി നിരക്ക് 93.89% ആയി.