തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് വാക്‌സിനേഷൻ ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. അദ്ധ്യാപകരുടെ വാക്‌സിനേഷൻ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും ഏകോപനത്തിനുമായി ബന്ധപ്പെട്ട പരീക്ഷ സെക്രട്ടറിമാരെ നോഡൽ ഓഫിസർമാരായി നിയമിച്ചു.

ഇതിന്റെ സംസ്ഥാനതല നോഡൽ ഓഫിസറായി പരീക്ഷഭവൻ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട്. പരീക്ഷ സെക്രട്ടറി ഓരോ ദിവസവും ബന്ധപ്പെട്ട നോഡൽ ഓഫിസർമാരിൽനിന്ന് പുരോഗതി റിപ്പോർട്ട് ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യണം.

വാക്‌സിനേഷന് വേണ്ടി അദ്ധ്യാപകരുടെ പേരുവിവരം covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് എസ്.എസ്.എൽ.സി വിഭാഗത്തിന് ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഓഫിസറെയും ഹയർ സെക്കൻഡറി വിഭാഗത്തിന് ആർ.ഡി.ഡിയെയും വി.എച്ച്.എസ്.ഇക്ക് എ.ഡിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധിയിലുള്ള അദ്ധ്യാപകരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി ഇവർ cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാത്ത അദ്ധ്യാപകർക്ക് അതിനുള്ള നിർദ്ദേശം നൽകണം. മൂല്യനിർണയത്തിന് നിയോഗിക്കുന്ന അദ്ധ്യാപകരുടെ വാക്‌സിനേഷന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.