- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് ആഴ്ച്ചയിൽ നാല് ദിവസങ്ങളിലായി തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 133 കേന്ദ്രങ്ങളിൽ 100 പേർക്കു വീതമായിരിക്കും കുത്തിവയ്പ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാല്ദിവസങ്ങളിലായാണ് കേരളത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുക. കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലാണ് ബുധൻ കോവിഡ് വാക്സിനേഷൻ ഒഴിവാക്കിയത്.
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് കുത്തിവയ്പ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിനേഷൻ സമയം. രജിസ്റ്റർ ചെയ്തവർക്കു കുത്തിവയ്പിന് ഏതു കേന്ദ്രത്തിൽ എപ്പോൾ എത്തണമെന്ന സന്ദേശം ലഭിക്കും. കുത്തിവയ്പ് എടുത്തശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ തുടരണം.
ആരോഗ്യപ്രവർത്തകർക്കുള്ള വാക്സീൻ വിതരണം പൂർത്തിയായാൽ കോവിഡ് പ്രതിരോധത്തിനു മുന്നിൽ നിന്ന വിവിധ സേനാംഗങ്ങൾ, പൊലീസുകാർ, റവന്യു വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കു കുത്തിവയ്പ് നൽകും. കേരളത്തിൽ ആദ്യ ദിവസം പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കകൾ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ കാൻസർ സെന്റർ ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ വാക്സീൻ എടുത്തിരുന്നു.
അതേസമയം, ഇന്ത്യയിൽ രണ്ട് ദിവസങ്ങളിലായി വാക്സിൻ സ്വീകരിച്ചത് 17,072 പേർ. ഇതുവരെ 2,24,301 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തൊട്ടാകെ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് 447 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മന്ദീപ് ഭണ്ഡാരിക്കൊപ്പം അഡീഷണൽ സെക്രട്ടറി (ആരോഗ്യം) ഡോ. മനോഹർ അഗ്നാനിയും ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് ഇന്ത്യയിൽ ആരംഭിച്ചത്, ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ വാക്സിനേഷനിൽ പങ്കാളികളായി.
കൊറോണ വൈറസിനെതിരെ ആഴ്ചയിൽ നാല് ദിവസം വാക്സിനേഷൻ സെഷനുകൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. അഗ്നാനി കൂട്ടിച്ചേർത്തു. ആഴ്ചയിൽ ആറുദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാപ്രദേശ് അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.
ആദ്യദിന വാക്സിൻ കുത്തിവയ്പ്പിൽ പങ്കാളികളായത് 1.91 ലക്ഷം ആളുകളായിരുന്നു. ഇന്ന് ആറ് സംസ്ഥാനങ്ങളിലായി മൊത്തം 17,072 പേർക്ക് വാക്സിൻ ലഭിച്ചു. കേരളത്തിൽ 8062 പേരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചത്.ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ചത് ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിൻ നൽകി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേർക്ക് വാക്സിൻ എടുക്കാൻ ആയിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്.
മറുനാടന് ഡെസ്ക്