- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ മൂന്നാം തരംഗത്തിന്റെ വ്യാപനം; വാക്സിനേഷൻ പ്രകൃയ ത്വരിതപ്പെടുത്താൻ കേന്ദ്രം; 12-14 വയസ്സുകാർക്കുള്ള വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും; രാജ്യത്ത് 158 കോടി ഡോസ് കുത്തിവെപ്പ് പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനൻ കേന്ദ്ര സർക്കാർ നീക്കം.നടപടിയുടെ ഭാഗമായി ഇന്ത്യയിൽ 12 മുതൽ 14 വയസ്സുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മാർച്ച് മാസത്തിൽ ആരംഭിക്കുമെന്ന് വാക്സിൻ വിതരണത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.
പതിനഞ്ച് വയസിന് മുകളിലുള്ള കൗമാരക്കാരിലെ വാക്സീനേഷൻ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും വാക്സീനേഷൻ ഉപദേശക സമിതി തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി.ഇനിയും വാക്സിനെടുക്കാത്തവർ അതിനായി മുന്നോട്ട് വരണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു.
2021 ജനുവരി 16ന്ആരംഭിച്ച വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 158 കോടി ഡോസ് കുത്തിവെപ്പ് നടത്തി. 15-18 വയസ് പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനേഷൻ 2022 ജനുവരി 3ന് ആരംഭിച്ചിരുന്നു. ഇതുവരെ 3.5 കോടി ഡോസാണ് 15-18 പ്രായപരിധിയിലുള്ളവർക്കായി വിതരണം ചെയ്തത്.കോവാക്സിനും സൈകോവ്- ഡിയുമാണ് നിലവിൽ ഈ പ്രായപരിധിയിലുള്ളവർക്ക് നൽകുന്നത്. കോവിഡ് മുന്നണി പോരാളികൾക്കുള്ള ബൂസ്റ്റർ ഡോസ് വിതരണവും പുരോഗമിക്കുന്നുണ്ട്.
പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ ഇതുവരെ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവൻ പേരുടെയും ആദ്യ ഡോസ് വാക്സീനേഷൻ ജനുവരി അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഫെബ്രുവരിയിൽ തന്നെ രണ്ടാമത്തെ ഡോസ് നൽകി തുടങ്ങും.
അത് പൂർത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്സീനേഷൻ തുടങ്ങുമെന്നും വാക്സീനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എൻ.ടി.എ.ജി.ഐ തലവൻ ഡോ എൻ.കെ അറോറ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
അതേസമയം വാക്സീൻ സർട്ടിഫിക്കറ്റ് ഒരു കാര്യത്തിനും നിർബന്ധമാക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിർബന്ധിച്ച് ആരെയും വാക്സീനേഷന് വിധേയരാക്കില്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. ഭിന്നശേഷിക്കാരിലെ വാക്സീനേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മറുനാടന് മലയാളി ബ്യൂറോ