ന്യൂഡൽഹി: രാജ്യത്ത് കൗമാരക്കാർക്ക് ആരംഭിച്ച കൊറോണ വാക്സിനേഷൻ രണ്ട് കോടി പിന്നിട്ടു. ജനുവരി 3 മുതലാണ് 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്. മദ്ധ്യപ്രദേശ് ആണ് ഏറ്റവും കൂടുതൽ കൗമാരക്കാർക്ക് വാക്സിനേഷൻ നൽകിയത്. 19,71,723 ഡോസ് ആണ് സംസ്ഥാനം നൽകിയത്.

ആന്ധ്രപ്രദേശ്(18,02,425 )ഗുജറാത്ത്(17,73,201), യുപി(17,62,514) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. രാജസ്ഥാൻ(16,45,703), മഹാരാഷ്ട്ര(15,41,466), തമിഴ്‌നാട്(14,78,537), ബീഹാർ(13,37,347),ബംഗാൾ(10,58,980) എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ വാക്സിൻ നൽകിയതിന്റെ പട്ടികയിലുള്ളത്. കേരളം(3,19,236) വാക്സിനാണ് കൗമാരക്കാർക്ക് നൽകിയത്.

രാജ്യത്ത് ഇതുവരെ 1,50,80,07,415 കോടി ഡോസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യം 150 കോടി വാക്സിൻ എന്ന നേട്ടം മറികടന്നത്. ഇതുവരെ 88 കോടിയിലധികം പേർ ആദ്യ ഡോസും, 62 കോടിയിലധികം പേർ രണ്ടാം ഡോസും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ ഡോസ് നൽകിയത് യുപി(21,07,73,934) ആണ്. മഹാരാഷ്ട്ര(13,84,55,226), ബംഗാൾ (10,90,17,617) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വർഷം ജനുവരി 16നാണ് വാക്സിനേഷൻ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് ആദ്യം കുത്തിവയ്‌പ്പ് നൽകിയത്. പിന്നീട് അത് മുതിർന്ന പൗരന്മാർക്കും അതിനുശേഷം 18ന് മുകളിൽ പ്രായമുള്ളവർക്കും നൽകി തുടങ്ങി.

ഒക്ടോബറിലായിരുന്നു ഇന്ത്യ 100 കോടി വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയത്. കൗമാരകാർക്ക് പിന്നാലെ ബൂസ്റ്റർ ഡോസ് 10ന് ആരംഭിക്കും. ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചവരാണ് പ്രായപൂർത്തിയായ 90 ശതമാനം ജനങ്ങളെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.