- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ദിവസം തന്നെ ആപ്പ് പണിമുടക്കി; ബംഗാളിൽ കോവിഡ് വാക്സിനേഷൻ തടസപ്പെട്ടു
കൊൽക്കത്ത: കോവിഡ് വാക്സിനേഷന്റെ ആദ്യ ദിവസം തന്നെ പശ്ചിമ ബംഗാളിൽ വാക്സിൻ വിതരണം തടസപ്പെട്ടു. കോവിഡ് വാക്സിൻ ആപ്പിൽ സാങ്കേതികപ്രശ്നം നേരിട്ടതിനെ തുടർന്നാണ് ബംഗാളിൽ വാക്സിനേഷൻ തടസ്സപ്പെട്ടത്. സംസ്ഥാനത്ത് ഒട്ടാകെ 204 കേന്ദ്രങ്ങളാണ് വാക്സിൽ നൽകാനായി സജ്ജീകരിച്ചിരുന്നത്.
വാക്സിൻ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക് (കോവിൻ) ആപ്ലിക്കേഷൻ. ആപ്പ് വികസിപ്പിച്ചത് കേന്ദ്രമാണ്. പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.വാക്സിൻ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് വാക്സിൻ വിതരണം തടസപ്പെട്ടത്. ആപ്പ് വഴി സന്ദേശങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിനും തടസം നേരിട്ടു. ഇതോടെ ഫോൺ മുഖേനയാണ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറിയത്.
ഇന്ന് രാവിലെ 10.30യോടെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായത്. വാക്സിനേഷൻ ക്യാംപെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആദ്യ ദിവസം മൂന്നു ലക്ഷം പേർക്കാണ് കുത്തിവയ്പ്പ്. ലോകത്തന് ഇന്ത്യ മാതൃകയാണെന്നും ഏറ്റവും സുരക്ഷിതമാണ് ഇന്ത്യയുടെ വാക്സിന് എന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്. വ്യാജ പ്രചരണങ്ങളിൽ വീഴരുത്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വാസത്തിൽ എടുക്കണം. വാക്സിൻ എല്ലാവർക്കും പ്രാപ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിൻ വിതരണത്തിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ജനുവരി 30നുള്ളിൽ വാക്സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കും. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങൾ മാസ്ക് ധരിക്കണം. രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വാക്സിൻ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിൻ സ്വീകരിക്കുന്നവർ ഒരു മാസത്തിനുള്ളിൽ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,11,033 ആണ്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവർ 1,01,79715 ആയി. ഈ ആശ്വാസത്തിനിടെയാണ് കോവിഡ് വാക്സിനേഷനും തുടങ്ങുന്നത്.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമടക്കമുള്ള മൂന്നു കോടി പേർക്ക് വാക്സിനുകൾ സൗജന്യമായി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായി രാജ്യമെങ്ങും 3,006 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾ, ദുരന്ത നിവാരണ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ വാക്സിൻ ലഭിക്കുന്നത്. സർക്കാരിന്റെ കൊവാക്സിൻ പോർട്ടലിൽ വാക്സിൻ സ്വീകരിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തും. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം കോവിഡ് വാക്സിൻ വിതരണം തുടങ്ങി.
മറുനാടന് ഡെസ്ക്