ദോഹ: രാജ്യത്ത് നിന്ന് അഞ്ചാം പനി പൂർണമായും തുടച്ച് മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ചാം പനി നിർമ്മാർജ്ജന യജ്ഞത്തിന് ഒക്ടോബറിൽ തുടക്കം കുറിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരുവയസുമുതൽ പതിമൂന്ന് വയസുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പരിപാടി. 280000 കുട്ടികൾക്ക് പ്രതിരോധ വാക്‌സിനുകൾ നൽകും. അടിക്കടി പനിയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുന്ന മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കും പ്രതിരോധമരുന്ന് നല്കും.

പോളിയോ മരുന്ന് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ട്രിവിലന്റ് ഓറൽ പോളിയോ വാക്‌സിനിൽ നിന്ന് ബിവലന്റ് ഓറൽ പോളിയോ വാക്‌സിനിലേക്ക് രാജ്യം ഈ മാസം മുപ്പത് മുതൽ മാറുകയാണ്. പുതിയ പ്രതിരോധ മരുന്ന് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. പ്രവർത്തകർക്ക് പരിശീലനം നൽകിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരമാണ് പോളിയോ പ്രതിരോധ മരുന്ന് കൂടുതൽ കാര്യക്ഷമമാക്കുന്നത്.രാജ്യത്ത്‌നിന്ന് വിദേശത്തേക്ക് പോകുന്നവർ നിർബന്ധമായും പത്ത് ദിവസം മുമ്പ് പ്രതിരോധ കുത്തിവെയ്പ് എടുത്തിരിക്കണമെന്നും അൽ റുമൈഹി വ്യക്തമാക്കി. നനിലവിൽ മിക്കവരും യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പാണ് കുത്തിവെയ്പ് എടുക്കുന്നത്. എന്നാൽ പത്ത് ദിവസം മുമ്പ് എടുത്താൽ മാത്രമേ ആവശ്യമായനിർദ്ദേശവും
മറ്റും മുൻകൂട്ടി ലഭിക്കുകയുള്ളൂ.

രാജ്യത്തെ 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായാണ് പ്രതിരോധ മരുന്ന് നൽകുന്നത്..