തിർത്തികൾ കൊട്ടിയടച്ചിട്ടും, കണ്ണിൽ എണ്ണയൊഴിച്ച് കാവൽ നിന്നിട്ടും അവൻ ബ്രിട്ടനിൽ എത്തി. ബ്രസീലിനെ ചുടലപ്പറമ്പാക്കി മാറ്റിയ, അതിതീവ്ര കൊറോണവൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലും സ്ഥിരീകരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ മൂന്നുപേരിലും സ്‌കോട്ട്ലാൻഡിൽ മൂന്നു പേരിലുമാണ് ജനിതകമാറ്റം സംഭവിച്ച ഈബ്രസീലിയൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വാകിസിനെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് കരുതപ്പെടുന്ന ഈ ഇനത്തിന് അധിക വ്യാപനശേഷിയുമുണ്ട്. നേരത്തേ ബ്രസീലിൽ നിന്നെത്തിയ പി 2 എന്ന ഇനത്തേക്കാളേറെ പ്രഹരശേഷിയും എം. പി 1 എന്ന ഈ ഇനത്തിനുള്ളതായാണ് തെളിഞ്ഞിട്ടുള്ളത്.

ദക്ഷിണാഫ്രിക്കൻ വകഭേദവുമായി ഏറെ സാമ്യം പുലർത്തുന്ന ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയവരിൽ രണ്ടുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലാണ് ഇവർ ഉള്ളത്. ഇവരിൽ ഈ പുതിയ ഇനം വൈറാസിനെ കണ്ടെത്തിയതിനാൽ, ഇന്നു മുതൽ ഈ ഭാഗത്ത് വ്യാപകമായ കോവിഡ് പരിശോധന ആരംഭിക്കും. ഈ രണ്ടുപേരിൽ ഒരാൾ ബ്രസീലിൽ സന്ദർശിച്ച് തിരിച്ചെത്തിയ വ്യക്തിയാണെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അധികൃതർ വ്യക്തമാക്കിയത്. ആ വ്യക്തിയിൽ നിന്നും കുടുംബത്തിലെ മറ്റെ വ്യക്തിയിലേക്ക് ഇത് പകരുകയായിരുന്നു.

ഇതേ കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങൾക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് ഈ പുതിയ ഇനം വൈറസ്സ് ആണോ എന്ന കാര്യം വെളിവായിട്ടില്ല. അതേസമയം ഇംഗ്ലണ്ടിൽ ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ വ്യക്തി കോവിഡ് ടെസ്റ്റ് ഓൺലൈനിൽ റെജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആ വ്യക്തിയുടെ സമ്പർക്കത്തിൽ ഉള്ളവരെ പൂർണ്ണമായും തിരിച്ചറിയാൻ ആയിട്ടില്ല. ഫെബ്രുവരി 12 നോ 13 നോ രോഗ പരിശോധന നടത്തുകയും എന്നാൽ ഫലം ലഭിക്കുകയും ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കിലോ അല്ലെങ്കിൽ റെജിസ്‌റ്റ്രേഷൻ ഫോം പൂർണ്ണമായി പൂരിപ്പിച്ചിട്ടില്ലെങ്കിലോ അധികൃതരുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ ഫെബ്രുവരി 10 ന് സാവോ പോളൊയിൽ നിന്നും സൂറിച്ച് വഴി ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ യാത്ര ചെയ്തവരൊക്ക് അവരുടെ വിശദാംശങ്ങളുമായി മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നവരെയും അവരുടെ കുടുംബാംഗങ്ങളേയും രോഗ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.അതുപോലെ തന്നെ, ബി എസ്32 0, ബി എസ്32 8, ബി എസ്34 5, ബി എസ്34 6 എന്നീ അഞ്ച് പോസ്റ്റ് കോഡ് ഏരിയയിൽ ഉള്ളവർ ഇന്ന് നടക്കുന്ന രോഗ പരിശോധനയിൽ നിർബന്ധമായും പങ്കേടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രസീലിൽ നിന്നും പാരിസ് വഴിയും ലണ്ടൻ വഴിയും എത്തിച്ചേർന്ന മൂന്നുപേരിലാണ് സ്‌കോട്ട്ലാൻഡിൽ ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഫെബ്രുവരി ആദ്യത്തോടെ തന്നെ ഇവരുടെ പരിശോധന പൂർത്തിയായിരുന്നു. അതിനുശേഷം വൈറസിന്റെ പൂർണ്ണവിവരങ്ങൾക്കായി കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. ഇവർ യാത്രചെയ്തിരുന്ന ലണ്ടനിൽ നിന്നും അബർഡീനിലേക്കുള്ള വിമാനത്തിൽ യാത്രചെയ്തിരുന്ന മറ്റു യാത്രക്കാരുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.