- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പോട് വാക്‌സിനേഷൻ ടോക്കൺ വിതരണം സുതാര്യമല്ല; ഓൺലൈൻ രജിസ്ട്രേഷൻ അട്ടിമറിക്കുന്നത് 'സഖാക്കൾക്ക്' വാക്സിൻ കിട്ടാനെന്ന പരാതി സജീവം; എങ്ങും ആശയക്കുഴപ്പവും അടിപടിയും; കോവിഡ് പ്രതിരോധത്തിലെ സോഷ്യൽ മീഡിയാ തല്ല് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ദൃശ്യമാകുമ്പോൾ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കൽ കേരളത്തിൽ ഉണ്ടാക്കുന്നത് യുദ്ധസമാനമായ അന്തരീക്ഷം. കോവിഡ് പ്രതിരോധത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളും ഏറ്റുമുട്ടലും ഇന്ന് സജീവമാണ്. മോദിയെ അനുകൂലിക്കുന്നവരും പിണറായി ഭക്തരും തമ്മിലാണ് പോര്. ഒരു കൂട്ടർ എല്ലാ നേട്ടവും പിണറായിക്ക് കൊടുക്കുമ്പോൾ മറ്റൊരു ടീമിന് മോദിയുടെ മികവാണ് എല്ലാം. അങ്ങനെ വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും നടക്കുന്ന അടിക്ക് സമാനമാണ് വാക്‌സിൻ വിതരണ കേന്ദ്രത്തിലെ അടിപടിയും. ഇതു കാരണം വാക്‌സിൻ വിതരണം പോലും അനിശ്ചിതത്വത്തിലാകുന്നു. ഇവിടെ സാമൂഹിക അകലം പാലിക്കലും വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നു.
വാക്‌സിൻ എടുക്കാൻ മിക്കജില്ലകളിലും തിക്കും തിരക്കുമാണ്. തിരക്ക് വഴക്കിനും ബഹളത്തിനും വഴിവെച്ചു. സ്‌പോട്ട് രജിസ്ട്രേഷൻ ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവ് പ്രകാരം നിർത്തിയിരുന്നു. ഒന്നാം ഡോസുകാർക്കും രണ്ടാം ഡോസുകാർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തു. ഇക്കാര്യം അറിയാതെയാണ് ജനങ്ങൾ രാവിലെമുതൽ എത്തിയത്. ഇതാണ് സംഘർഷമായി മാറുന്നത്. ഇന്ന് സ്‌പോട് രജിസ്‌ട്രേഷന് ആളുവരില്ലെന്നാണ് പ്രതീക്ഷ. ഇതു തെറ്റിയാൽ ഇന്നും വാക്്‌സിൻ വിതരണം അടിപിടിയിലാകും.
ഓൺലൈൻ ബുക്ക് ചെയ്തവർക്കും സ്‌പോട് റജിസ്‌ട്രേഷൻ നടത്തിയവർക്കും പ്രത്യേകം കേന്ദ്രങ്ങളില്ലാത്തതുകൊണ്ട് ഇവരെല്ലാം ഒരേ കേന്ദ്രങ്ങളിൽ തിക്കിത്തിരക്കിയെത്തി. സ്‌പോട് റജിസ്‌ട്രേഷനായി രാവിലെ 7നു മുൻപു വാക്‌സീൻ കേന്ദ്രത്തിനു മുന്നിലെത്തി കാത്തുനിൽക്കേണ്ട ദുരവസ്ഥ. ഓൺലൈൻ ബുക്കിങ് നടത്തി വന്നവരോടു നിർദ്ദേശിച്ചതു സ്‌പോട് റജിസ്‌ട്രേഷൻ ക്യൂവിനു പിന്നിൽ നിൽക്കാൻ. ഓൺലൈൻ ബുക്കിങ് നടത്തിയാലും വാക്‌സീൻ കേന്ദ്രത്തിൽ ടോക്കൺ ലഭിച്ചാലേ വാക്‌സീൻ ലഭിക്കൂ എന്ന അവസ്ഥ സ്ഥിതി മോശമാക്കി.
സ്‌പോട് വാക്‌സിനേഷൻ ടോക്കണുകളുടെ വിതരണം സുതാര്യമായില്ല. ജീവനക്കാരും അടുപ്പക്കാരും വലിയ ഭാഗം ടോക്കണുകൾ സ്വന്തമാക്കി. ടോക്കൺ നേടുന്നവരിൽ ഏറെയും സഖാക്കളാണെന്ന പരാതിയും ഉണ്ട്. പാർട്ടിക്കാർക്ക് വേണ്ടിയാണ് സർക്കാർ ഓൺലൈൻ രജിസ്‌ട്രേഷൻ അട്ടിമറിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. രണ്ടാം ഡോസ് എടുക്കുന്നവർക്കു മുൻഗണന നൽകാനുള്ള സംവിധാനം ഇല്ല. ഇതെല്ലാം പ്രതിസന്ധിയായി തുടരുന്നു. വാക്‌സീൻ ഇല്ലാത്ത കേന്ദ്രങ്ങളിലും ഓൺലൈൻ ബുക്കിങ് തുടർന്നത് ആശയക്കുഴപ്പമുണ്ടാക്കി. പലരും വാക്‌സീൻ കേന്ദ്രത്തിൽ എത്തിയ ശേഷമാണ് കേന്ദ്രം അടച്ചതുതന്നെ അറിഞ്ഞത്. ഓൺലൈൻ ബുക്കിങ് ഉണ്ടെന്നു ജില്ലാ ഭരണകൂടങ്ങൾ പറഞ്ഞ പല കേന്ദ്രങ്ങളും പോർട്ടലിൽ ഇല്ലാതിരുന്നതും പ്രശ്‌നമായി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ആയിരങ്ങളെത്തിയതോടെ പൊലീസ് ഇടപെട്ടാണ് വഴക്ക് നിയന്ത്രിച്ചത്. ആദ്യഡോസ് എടുത്ത് 56 ദിവസം ആയവർക്ക് പ്രഥമപരിഗണന നൽകി തർക്കം പരിഹരിച്ചു. ഒപ്പം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്കും നൽകി. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയവരോട് മടങ്ങിപ്പോകാനും പൊലീസ് ആവശ്യപ്പെട്ടു. രാജാജി നഗറിലെ കേന്ദ്രത്തിലും വാക്സിൻ വിതരണത്തിനിടെ ചെറിയ തർക്കങ്ങളുണ്ടായി. എല്ലാ ജില്ലകളിലും സമാനമായിരുന്നു കാര്യങ്ങൾ.
തൃശ്ശൂരിൽ 110 സർക്കാർ കേന്ദ്രങ്ങളിലും വാക്‌സിൻക്ഷാമം രൂക്ഷമായിരുന്നു. പൂരത്തിന്റെ ഭാഗമായുള്ള ടൗൺ ഹാളിലെ മെഗാവാക്‌സിനേഷൻ ക്യാമ്പും പ്രവർത്തിച്ചു. മലപ്പുറത്തും രാവിലെ തന്നെ തിരക്കായിരുന്നു. അഞ്ഞൂറോളം പേർക്ക് വാക്സിൻ നൽകി. 44 ലക്ഷത്തിലധികം ജനസംഖ്യയുള്ള ജില്ലയിൽ ബുധനാഴ്ചവരെ 4.24 ലക്ഷം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകാനായത്. 47,406 പേർക്ക് രണ്ടാം ഡോസും കൊടുത്തു.
പാലക്കാട്ട് കുത്തിവെപ്പെടുക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതോടെ പൊതുജനങ്ങൾ വലഞ്ഞു. വാക്‌സീൻ ലഭിക്കാൻ ഓൺലൈൻ റജിസ്‌ട്രേഷൻ വേണമെന്നിരിക്കെ വിതരണ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് കേരളത്തിൽ ഏറെയുമുണ്ടായിരുന്നത്. ഓൺലൈൻ ബുക് ചെയ്തവർക്കു പ്രത്യേക സൗകര്യവുമുണ്ടായില്ല. ഇതെല്ലാമാണ് ഇപ്പോൾ പ്രതിസന്ധിയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ