തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന്റെ മാർഗനിർദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ മുൻഗണനയ്ക്കായി രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷനാണ് നാളെ മുതൽ നടക്കുന്നത്. നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് ഈ വെബ് സൈറ്റ് സന്ദർശിച്ചത്. ആകെ 1,90,745 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 40,000ത്തോളം പേരാണ് രേഖകൾ അപ് ലോഡ് ചെയ്തത്. അവരിൽ അനുബന്ധ രോഗത്തിനുള്ള രേഖകൾ അപ്ലോഡ് ചെയ്തവർക്കാണ് മുൻഗണന നൽകുന്നത്. നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

വൺ പേഴ്സൺ വൺ ഇലക്ടോണിക് ഹെൽത്ത് റെക്കോർഡ് എന്ന ഉദാത്തമായ ആശയം കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐ.ടി. വിങ് ആയി പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്.

18-44 വയസുകാരുടെ വാക്സിനേഷനുള്ള മാർഗനിർദേശങ്ങൾ

· വാക്സിനേഷൻ സെഷനുകൾ അനുവദിക്കുന്നത് വാക്സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാൽ എല്ലാവരും സഹകരിക്കുക.
· രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതൽ 16 ആഴ്ചയ്ക്കുള്ളിലും കോവാക്സിൻ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
· 45 വയസിന് മുകളിലുള്ളവർക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
· 2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവർ മുതൽ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവർക്ക് മുൻഗണന അനുസരിച്ച് വാക്സിൻ 2021 മെയ് 17 മുതൽ ലഭ്യമാകും.
· 18-45 വയസ് വരെയുള്ളവർ വാക്സിനേഷനായി http://www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന ലഭിക്കുവാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന അനുബന്ധ രോഗങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
· അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
· വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവർ മാത്രം വാക്സിൻ സ്വീകരിക്കുവാനായി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക
· വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്. അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവർക്കും വാക്സിൻ ലഭ്യമാകും.