ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തെ ജനസംഖയുടെ 51.5 % മുതിർന്നവർക്കും രണ്ടു ഡോസ് വാക്‌സീൻ നൽകി കഴിഞ്ഞതായി ഗവർണർ ആൻഡ്രൂ കൂമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18നു മുകളിലുള്ളവർക്കാണ് വാക്‌സീൻ നൽകിയിരിക്കുന്നത്. ന്യൂയോർക്ക് ജനസംഖ്യയുടെ 61.4 ശതമാനം പേർക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സീനും ലഭിച്ചതായി ഗവർണർ പറഞ്ഞു.

12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു ൈഫസർ വാക്‌സീൻ നൽകുന്നതിനു ഫെഡറൽ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിലുള്ള എത്രകുട്ടികൾക്ക് വാക്‌സീൻ ലഭിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ന്യൂയോർക്ക് സിറ്റി ജനസംഖ്യ 3.89 മില്യൻ ഉള്ളതിൽ 47%ത്തിന് ഒരു ഡോസ് വാക്‌സീൻ ലഭിച്ചിട്ടുണ്ട്. കൂടാതെ 3.165 മില്യൻ പേർക്ക് രണ്ടു ഡോസ് വാക്‌സീൻ നൽകിയതായി സിറ്റി ഡിപാർട്‌മെന്റ് ഓഫ് ഹെൽത്തിന്റെ അറിയിപ്പിൽ പറയുന്നു.

18 വയസ്സിനു താഴെയുള്ളവരിൽ 46,554 പേർക്ക് ഒരു ഡോസ് വാക്‌സീൻ നൽകിയിട്ടുണ്ട്. ആകെ സിറ്റിയിലുള്ള ജനസംഖ്യയുടെ 3% ആണിത്. സിറ്റിയിലെ ഒരാഴ്ചത്തെ പോസിറ്റീവ് റേറ്റ് 1.72% ആണെന്നു വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.