- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് പോകേണ്ടവർക്കുള്ള വാക്‌സിൻ രജിസ്ട്രേഷൻ തുടരുന്നു; കോവിഷീൽഡ് വാക്സിൻഎടുത്ത ഈ വിഭാഗത്തിൽപ്പെട്ടവർക്ക് നാലു മുതൽ ആറ് ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാനും സൗകര്യം
കണ്ണൂർ: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജില്ലയിൽ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക് അറിയിച്ചു.
ഇവർ www.cowin.gov.inൽ വ്യക്തിഗത വിവരങ്ങൾ സഹിതം രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാരിന്റെ ഇ-ഹെൽത്ത് പോർട്ടലിൽ (http://covid19.kerala.gov.in/vaccine/) പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ കോപ്പിയായി എടുത്തതിന്റെ ഫയലും വിസ സംബന്ധമായ ഫയലും സഹിതം രജിസ്റ്റർ ചെയ്യണം. ഈ അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ച് അർഹരായവർക്ക് വാക്‌സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയ്യതി, സമയം എന്നിവ എസ്.എം.എസ് വഴി അറിയിക്കും. ഗുണഭോക്താക്കൾ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ ഈ എസ്.എം.എസും തിരിച്ചറിയൽ രേഖയായി പാസ്പോർട്ടും കയ്യിൽ കരുതണം. കോവിഷീൽഡ് വാക്‌സിൻ ഇതിനകം എടുത്ത ഈ വിഭാഗത്തിൽപ്പെട്ടവർക്ക് നാലു മുതൽ ആറ് ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇത്തരക്കാർ ആദ്യ ഡോസ് എടുത്തപ്പോൾ ലഭിച്ച റഫറൻസ് നമ്പർ, പാസ്പോർട്ടിന്റെയും വിസയുടെയും രേഖകൾ എന്നിവ സഹിതം ഇ-ഹെൽത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യേണ്ട വിധം: * www.cowin.gov.inൽ വ്യക്തിഗത വിവരം രജിസ്റ്റർ ചെയ്യുക. ശേഷം ഇ-ഹെൽത്ത് പോർട്ടൽ ലിങ്കിൽ (http://covid19.kerala.gov.in/vaccine/) രജിസ്റ്റർ ചെയ്യണം. * ലിങ്ക് തുറക്കുമ്പോൾ കാണുന്ന Individual Request എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന DISCLAIMER എന്ന സന്ദേശം ക്ലോസ് ചെയ്യുക. നാട്ടിലെ മൊബൈൽ നമ്പർ നൽകിയ ശേഷം അതിലേക്ക് വരുന്ന OTP നൽകി നമ്പർ വെരിഫൈ ചെയ്യുക. * ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വർഷം എന്നിവ നൽകുക. യോഗ്യത വിഭാഗം എന്നിടത്ത് Going Abroad എന്ന് നൽകുക. അടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പേര് നൽകുക. * Supporting Documents എന്നതിന് താഴെ ആദ്യം പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ കോപ്പിയായി എടുത്തതിന്റെ ഫയലും രണ്ടാമതായി വിസ സംബന്ധമായ ഫയലും അപ്ലോഡ് ചെയ്യുക (PDF / JPG ഫോർമാറ്റിൽ 500 കെ.ബിയിൽ താഴെ ആയിരിക്കണം ഓരോ ഫയലും). * ശേഷം www.cowin.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച 14 അക്ക റഫറൻസ് നമ്പർ നൽകി സബ്മിറ്റ് ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.