വയനാട്: ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകൾ കേന്ദ്രീകരിച്ച് 'ഗോത്ര സുരക്ഷാ' വാക്‌സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു. ബത്തേരിയിലെ കുപ്പാടി ഗവ. ഹൈസ്‌കൂളിലും തിരുനെല്ലി പഞ്ചായത്തിലെ എടയൂർകുന്ന് ഗവ. എൽ.പി സ്‌കൂളിലും കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി വെള്ളിയാഴ്ച ക്യാമ്പുകൾ തുടങ്ങി. ഗോത്രവിഭാഗങ്ങളിലെ 30,000 പേർക്ക് വാക്‌സിൻ ലഭ്യമാക്കാനാണു പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ സൗജന്യ വാക്‌സിനേഷൻ ക്യാമ്പുകൾ പൂർണമായും സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

കുപ്പാടി ഹൈസ്‌കൂളിലെ ക്യാമ്പ് ബത്തേരി എംഎ‍ൽഎ ഐ.സി. ബാലകൃഷ്ണനും എടയൂർകുന്ന് സ്‌കൂളിലെ ക്യാമ്പ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണനും വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്യാമ്പ് കൽപ്പറ്റ എംഎ‍ൽഎ ടി. സിദ്ദീഖും ഉൽഘാടനം ചെയ്തു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടർ കെ പോൾ തോമസ്, സസ്‌റ്റൈനബിൾ ബാങ്കിങ് ലീഡ് അഡൈ്വസർ ക്രിസ്തുദാസ് കെ.വി, ഇസാഫ് സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, ജില്ലാ പ്ലാനിങ് ഓഫീസർ സുഭദ്രാ നായർ, ഐ.ടി.ഡി.പി വയനാട് പ്രൊജക്ട് ഓഫീസർ കെ. സി ചെറിയാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, തിരുനെല്ലി പഞ്ചായത്ത് അംഗം കെ. സിജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. രമ്യ ഇമ്മാനുവൽ, ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൽ ആളൂർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാരായ സി. ഇസ്മായിൽ, ജി. പ്രമോദ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ മഹാമാരിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങൾക്ക് കൈത്താങ്ങായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിവരുന്നുണ്ട്.