ഹൂസ്റ്റൺ : ഹോസ്പിറ്റൽ പോളിസി ലംഘിച്ചു കോവിഡ് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതർ തൽക്കാലം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കിയത്. മെത്തഡിസ്റ്റ് ഹോസ്പിറ്റൽ ശൃംഖലയിൽ 25000ത്തിൽ അധികം ജീവനക്കാർ ഉണ്ടെന്നും ഇതിൽ 24947 പേർ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.

178 പേർ പതിനാലു ദിവസത്തിനകം വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 ജീവനക്കാർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് അവരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളിൽ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കിൽ പിരിച്ചു വിടുമെന്നും അധികൃതർ പറഞ്ഞു.

മെത്തഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാർക്ക് മെഡിക്കൽ, മതപരം തുടങ്ങിയ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവു നൽകിയിട്ടുണ്ട്. അതുപോലെ ഗർഭണികളായവരും മറ്റു പല കാരണങ്ങളാലും 332 പേർക്ക് ഒഴിവ് അനുവദിച്ചു.

ആശുപത്രിയിലെ 117 ജീവനക്കാർ ഇതിനെതിരെ കേസ് നൽകിയിട്ടുണ്ട്. വാക്സീൻ സ്വീകരിക്കണമെന്ന് നിയമന ഉത്തരവിലുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതു തടയണമെന്നും ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ലോസ്യൂട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷനിൽ വാക്സീൻ നിർബന്ധമാണെന്ന് സിഇഒ മാർക്ക് ബൂം പറഞ്ഞു.