- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഐടി ജീവനക്കാർക്കും വാക്സിൻ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബാഗംങ്ങൾക്കും കോവിഡ് വാക്സിൻ നൽകുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിൽ വാക്സിനേഷൻ ക്യാമ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉൽഘാടനം ചെയ്തു. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലിന്റെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ നടക്കുന്നത്. പാർക്കിലെ എച്ച് ആൻഡ് ആർ ബ്ലോക്ക് സ്ജ്ജീകരിച്ച ക്യാമ്പിൽ ശനിയാഴ്ച കുത്തിവെപ്പ് ആരംഭിച്ചു. അടുത്ത ഘട്ടങ്ങളിലായി കൊച്ചി ഇൻഫോ പാർക്കിലും കോഴിക്കോട് സൈബർ പാർക്കിലും വാക്സിനേഷൻ ക്യാമ്പുകൾ ടെക്ക് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടക്കും.
ഐടി പ്രൊഫഷനലുകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേരള സർക്കാർ ഐടി പാർക്കുകളും ഐടി കമ്പനികളും കൈകോർത്ത് പുതിയൊരു ചുവട് വച്ചിരിക്കുകയാണ്. ഈ വാക്സിനേഷൻ പദ്ധതി സംസ്ഥാനത്തുടനീളമുള്ള ഐടി കാമ്പസുകളിലെ തൊഴിൽ അന്തരീക്ഷം പൂർവ്വസ്ഥിതിയിലാക്കുന്നതിനും ജീവനക്കാരെ വേഗത്തിൽ തിരികെ എത്തിക്കാനും സഹായിക്കുമെന്ന് കേരള ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിടുന്ന സമയത്ത് ഐടി സമൂഹത്തിനും അവരുടെ കുടുംബത്തിനും ഐടി കമ്പനികൾക്കും ഏറെ ആശ്വാസം നൽകാൻ ഈ ഉദ്യമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ലക്ഷം കോവിഷീൽഡ് വാക്സിനാണ് ഈ പദ്ധതിക്കു വേണ്ടി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെക്ക് ഹോസ്പിറ്റൽ നേരിട്ടു വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ചിൽ 25,000 ഡോസാണ് എത്തിയത്. വിവിധ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കമ്പനികൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. തിരുവനന്തപുരം ടെക്നോപാർക്കിലേയും കൊച്ചി ഇൻഫോ പാർക്കിലേയും ഏതാനും വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് സ്വന്തം നിലയിൽ വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. സർക്കാർ ഐടി പാർക്കുകൾക്കു പുറമെ സ്വകാര്യ ഐടി പാർക്കുകളിലെ കമ്പനികൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന് ടെക്ക് ഹോസ്പിറ്റൽ പ്രസിഡന്റ് ബിനു ആർ കുറുപ്പ് പറഞ്ഞു. ആശുപത്രിക്ക് വാക്സിൻ ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരുവനന്തപുരം എംപി ഡോ. ശശി തരൂർ വിഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ, അസിസ്റ്റന്റ് രജിസ്ട്രാർ എ ഷരീഫ്, ടെക്ക് ഹോസ്പിറ്റർ വൈസ് പ്രസിഡന്റ് അനൂപ് അംബിക, സെക്രട്ടറി ജി. എൽ അരുൺ ഗോപി, എച്ച് ആൻഡ് ആർ ബ്ലോക്ക് ഡയറക്ടർ ഹരി പ്രസാദ് എന്നിവർ സംസാരിച്ചു.
സഹകരണ രംഗത്ത് കേരളത്തിൽ ആദ്യ വാക്സിൻ നേട്ടവുമായി ടെക്ക് ഹോസ്പിറ്റൽ
തിരുവനന്തപുരം: വാക്സിൻ ഉൽപ്പാദകരിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങി വലിയ വാക്സിനേഷൻ പദ്ധതിക്ക് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ സഹകരണ സ്ഥാപനമായി തിരുവനന്തപുരത്തെ ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റൽ. വാക്സിനു വേണ്ടി സ്വകാര്യ ആശുപത്രികൾ പോലും കടുത്ത മത്സരം നേരിടുമ്പോഴാണ് ഈ സഹകരണ ആശുപത്രിയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റേയും തിരുവനന്തപുരം എംപി ശശി തരൂരിന്റേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഇടപെടൽ മുഖേനയാണ് ടെക്ക് ഹോസ്പിറ്റലിന് രണ്ടു ലക്ഷം കോവിഷീൽഡ് വാക്സിൻ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചതെന്ന് ആശുപത്രി പ്രസിഡന്റ് ബിനു ആർ കുറുപ്പ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ എത്തിക്കുന്ന വലിയ വാക്സിനേഷൻ പദ്ധതിയാണ് ടെക്ക് ഹോസ്പിറ്റൽ ശനിയാഴ്ച ആരംഭിച്ചത്. ഐടി പാർക്കിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക ആശുപത്രികൂടിയാണ് ടെക്ക് ഹോസ്പിറ്റൽ. രണ്ടു വർഷത്തിനകം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ബിനു ആർ പറഞ്ഞു.