വെർമോണ്ട്: അമേരിക്കയിൽ അർഹരായ 80 ശതമാനം പേർക്ക് കോവിഡ് വാക്സീൻ നൽകിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെർമോണ്ടിന്.വെർമോണ്ട് ഗവർണർ ഗവർണർ ഫിലിപ് ബി. സ്‌കോട്ട് ജൂൺ 14 തിങ്കളാഴ്ച സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 80 ശതമാനം പേർക്ക് ഒരു ഡോസെങ്കിലും നൽകാൻ കഴിഞ്ഞതോടെ കോവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായും ഗവർണർ അറിയിച്ചു.

ജൂൺ 14ന് കോവിഡ് രോഗവ്യാപനം 34% കുറഞ്ഞതായും, ഹോസ്പിറ്റലൈസേഷൻ 78% കുറഞ്ഞതായും ഗവർണർ വെളിപ്പെടുത്തി.പതിനഞ്ചു മാസം നീണ്ട കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും മുനിസിപ്പാലിറ്റികളും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളും കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിർത്തുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം നിലനിർത്തുന്നതെന്നാണ് ഇവർ നൽകുന്ന വിശദീകരണം.

ജൂലായ് 4 അമേരിക്കൻ സ്വാതന്ത്ര്യദിനത്തിനു മുമ്പ് അമേരിക്കയിലെ 70 ശതമാനം പേർക്കും കോവിഡ് വാക്സീൻ ലഭിക്കണമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം മിക്കവാറും പൂർത്തീകരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിൽ കോവിഡ് വാക്സീൻ ആവശ്യത്തിനു ലഭ്യമാണെന്നും ആരംഭത്തിൽ വാക്സിനേഷനിലുണ്ടായിരുന്ന മാന്ദ്യം ഇപ്പോൾ പൂർണ്ണമായും മാറിയിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായില്ലെങ്കിൽ ഈ വർഷാവസനത്തോടെ അമേരിക്ക പൂർവ്വസ്ഥിതിയിലേക്കു മടങ്ങുമെന്നും അധികൃതർ പറഞ്ഞു.