കുവൈത്തിൽ വിദേശികളുടെ വിസ പുതുക്കലിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കാൻ നീക്കം.നിരവധിപേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കർശനനിലപാടിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്. വാക്‌സിനേഷൻ രാജ്യത്ത് നിയമംമൂലം നിർബന്ധമാക്കിയിട്ടില്ല. അതേസമയം, വിവിധ ആവശ്യങ്ങൾക്ക് കുത്തിവെപ്പ് നിർബന്ധമാക്കി സമ്മർദം ശക്തിപ്പെടുത്തുകയാണ് അധികൃതർ.

കുവൈത്തികൾക്ക് വിദേശയാത്രക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സലൂണുകൾ, 6000 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തൃതിയുള്ള മാളുകൾ, കഫേകൾ, ഹെൽത് ക്ലബുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനും കുത്തിവെപ്പ് മാനദണ്ഡമാക്കി വ്യാഴാഴ്ച മന്ത്രിസഭ തീരുമാനമെടുത്തു.

ഭൂരിഭാഗംപേരും വാക്‌സിൻ സ്വീകരിച്ചാലേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരമാവധിപേരെ പ്രേരിപ്പിക്കാൻ വിവിധ സമ്മർദ നടപടികൾ സ്വീകരിക്കുന്നത്. സെപ്റ്റംബറോടെ ഭൂരിഭാഗംപേർക്കും വാക്‌സിൻ നൽകാനാണ് നീക്കം. കുത്തിവെപ്പ് നടപടികൾ സുഗമമായി പുരോഗമിക്കുന്നുണ്ട്. ',